പാലക്കാട്: വാളയാര്‍ കേസില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി പാലക്കാട് എം.പി രമ്യ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും എത്തി.
ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമ്മ പ്രതികരിച്ചു.
ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐ.ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി സമരമനുഷ്ഠിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ.