കൊച്ചി:നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വൈറ്റില മേൽപ്പാലം ഉദ്‌ഘാടനത്തിന് മുമ്പ് പാലത്തിൽ വാഹനമോടിക്കാൻ ശ്രമിച്ച വിഫോർ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടമാണിവർ . അതിനെല്ലാം ഉന്നത സ്‌ഥാനത്തിരുന്നവർ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്‌സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ് . അതിന് അടിസ്‌ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്. ജനങ്ങൾക്ക് ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ ‘പുതിയ കാലം പുതിയ നിർമ്മാണം’
എന്നതടിസ്‌ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കുന്നത് അതിന്റെ ഗുണം കാണാനുണ്ട്. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വൈറ്റില പാലം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞു.