സി.പി.ഐ.എം പാറശ്ശാല ഏരിയാ കമ്മിറ്റിക്ക് അഭിനന്ദനവുമായി വി.ടി. ബല്‍റാം

പാലക്കാട്: സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല നിലപാട് തള്ളിയതിന് പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

‘ചൈനയെ തള്ളിയതിന്റെ പേരില്‍ പാറശ്ശാല ഏരിയാ കമ്മിറ്റിക്കാരെ ട്രോളുകയല്ല വേണ്ടത്,
സി.പി.ഐ.എം നേതാക്കളുടെ സ്ഥിരമായ ‘ചൈന തള്ളു’കളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് അത് തള്ളിക്കളഞ്ഞ പാര്‍ട്ടിക്കകത്തെ അപൂര്‍വം വിവേകശാലികള്‍ എന്ന നിലയില്‍ പാറശ്ശാലക്കാര്‍ അഭിനന്ദനമാണ് അര്‍ഹിക്കുന്നത്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യമാകും. കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെയായിരുന്നു സി.പി.ഐ.എം ജില്ലാ സമ്മേളനത്തില്‍ പാറശ്ശാല ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങള്‍.

ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാറശ്ശാല ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നത്.

രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News