തൃശൂര്‍: ചേലക്കര എസ്.എം.ടി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു കേട്ട് ഞെട്ടി. നിങ്ങള്‍ മരിച്ചയാളാണെന്നാണ് റിപ്പോര്‍ട്ടുള്ളതെന്നും ഇതിനാല്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
അബ്ദുള്‍ ബുഹാരി എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടര്‍ന്ന് അദ്ദേഹം ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേര്‍ വോട്ട് കൈപ്പത്തിക്കു ചെയ്തതില്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അമ്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായത്.
ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം (53.55), തൃശൂര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45).
ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവില്‍ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.