പട്‌ന: ബിഹാറില്‍ തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നയിച്ച ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വോട്ട് ചോരി അടക്കമുള്ള ആരോപണങ്ങളുമായി പ്രചാരണത്തിൽ മുന്നേറിയിട്ടും ഒറ്റയക്കത്തില്‍ ഒതുങ്ങിയ കോണ്‍ഗ്രസിന് ഈ പരാജയം വിശദീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. സഖ്യത്തെ നയിച്ച തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) സ്ഥിതിയും മറിച്ചല്ല.
ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) കൂടുതല്‍ കരുത്തോടെ അധികാരം നിലനിര്‍ത്താനൊരുങ്ങുമ്പോള്‍ 2010-ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടി മുന്നില്‍ കാണുകയാണ് ആര്‍ജെഡി. എന്നാല്‍, കനത്ത തിരിച്ചടിക്കിടയിലും വോട്ട് വിഹിതം അവര്‍ക്ക് ആശ്വാസമാകുകയാണ്.
വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ തേജസ്വിയുടെ ആര്‍ജെഡി, എതിരാളികളായ ബിജെപി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ 143 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി ഇതുവരെ 22.84 ശതമാനം വോട്ട് വിഹിതം നേടിക്കഴിഞ്ഞു. ബിജെപിയേക്കാള്‍ 1.86 ശതമാനവും ജെഡിയുവിനേക്കാള്‍ 3.97 ശതമാനവും കൂടുതല്‍.
2020-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഫിനിഷ് ചെയ്ത ആര്‍ജെഡി നിലവില്‍ 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2010-ന് ശേഷമുള്ള ആര്‍ജെഡിയുടെ ഏറ്റവും മോശം പ്രകടനമാണിത്. അന്ന് വെറും 22 സീറ്റുകളില്‍ മാത്രമായി അവര്‍ ഒതുങ്ങിയിരുന്നു.
തേജസ്വി നേരത്തേ രഘോപുര്‍ സീറ്റില്‍ ഏറെനേരം പിന്നിലായിരുന്നെങ്കിലും ഇപ്പോള്‍ ലീഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ബിജെപിയുടെ സതീഷ് കുമാറിനേക്കാള്‍ 2,288 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു അദ്ദേഹം. പ്രതിപക്ഷ ബ്ലോക്കായ മഹാഗത്ബന്ധനിലെ ആര്‍ജെഡിയുടെ സഖ്യകക്ഷികളും തിരിച്ചടി നേരിടുകയാണ്.


