CrimeKeralaNews

ബസിനുള്ളിൽ ഛർദ്ദിച്ചു, പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് കഴുകിപ്പിച്ചു; KSRTC ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി

തിരുവനന്തപുരം: വെള്ളറടയിൽ യാത്രയ്ക്കിടയില്‍ കെ.എസ്. ആർ.ടി.സി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞ് വെച്ച് ബസിനുള്‍വശം കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയിൽനിന്ന് നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസ്സിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ ആണ് സംഭവം. 

വർഷങ്ങളായി കെ.എസ്. ആർ.ടി.സിയിൽ ഡ്രൈവറായി ജോലി നോക്കുന്ന വ്യക്തിയുടെ മകള്‍ക്കാണ് ദുരനുഭവമുണ്ടായത്. യാത്രക്കിടെ പെൺകുട്ടി ബസിനുള്ളില്‍ ഛര്‍ദിച്ചതോടെയാണ് വണ്ടി കഴുകിയിട്ട് പോയാൽ മതിയെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചത്.  സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നേഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബസ്സിനുള്ളിൽ ഛർദ്ദിക്കുകയായിരുന്നു. ബസ് വെള്ളറട ഡിപ്പോയിലെത്തി ഇറങ്ങാൻ തുടങ്ങുകയാണ് വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞത്. 

തുടർന്ന് അവശനിലയിൽ ആയിരുന്ന പെൺകുട്ടിയും സഹോദരിയും ഡിപ്പോയിലെ വാഷ് ബേസിനിൽ നിന്ന് കപ്പിൽ വെള്ളം എടുത്ത് ബസ്സ് വൃത്തിയാക്കി. ഇതിന് ശേഷം ആണ് ഇവരെ ഡ്രൈവർ പോകാൻ സമ്മതിച്ചത് എന്നാണ് പരാതി. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണു പെൺകുട്ടികളെ കൊണ്ട് ഡ്രൈവർ ബസ്സ് കഴുകിപ്പിച്ചത്. പെൺകുട്ടികൾ പിതാവിനോട് കാര്യം പറഞ്ഞതോടെ ഇവർ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button