ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തെ താന്‍ വിമര്‍ശിക്കുന്നതായുള്ള ശബ്ദ സന്ദേശം വ്യാജമാണെന്ന് തമിഴ്നാട് ധനമന്ത്രി പഴനി വേല് ത്യാഗരാജന്. ഡിഎംകെയ്ക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് പിടിആര്‍ ആരോപിച്ചു. ബുധനാഴ്ച തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പങ്കുവെച്ച കുറിപ്പിലാണ് പിടിആര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്നാട് കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ കുതിച്ചുചാട്ടത്തിലുള്ള എതിര്‍പ്പാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് പിടിആര്‍ പറഞ്ഞു. ” കേന്ദ്രസര്‍ക്കാരിന് സാധിക്കാത്ത നേട്ടമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തമിഴ്നാടിനുണ്ടായത്. ഇതില്‍ രസക്കേടുള്ളവരാണ് വ്യാജ പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.”
മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും തമിഴ്നാട് സ്പോര്‍ട്സ്, യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയും സ്റ്റാലിന്റെ മരുമകന് ശബരീശനും തന്റെ അടുത്ത സുഹൃത്തുക്കളും വഴികാട്ടികളുമാണെന്നും പിടിആര്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും സാമൂഹ്യ നീതിക്കായുള്ള പോരാട്ടം ഡിഎംകെ തുടരുമെന്നും പിടിആര്‍ പറഞ്ഞു.
Continuation of my statement of 22nd April, 2023 pic.twitter.com/Z3H6is3XzF
— Dr P Thiaga Rajan (PTR) (@ptrmadurai) April 26, 2023
തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മകളുടെ ഭര്‍ത്താവ് ശബരീശനും അവിഹിതമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന രീതിയില്‍ പിടിആര്‍ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശമുള്ള ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ പുറത്തുവിട്ടത്.
പിടിആര്‍ ധനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോയാല്‍ ഡിഎംകെയ്ക്ക് ദേശീയ തലത്തില്‍ തന്നെ വലിയ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ പ്രതിസന്ധി ഒഴിവാക്കാനുള്ള ഡിഎംകെ നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടതിന്റെ സൂചനയായാണ് ബുധനാഴ്ച പിടിആര്‍ നടത്തിയ പ്രതികരണം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാന ധനമന്ത്രിയാണ് പിടിആര്‍. അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ തമിഴ്നാടിന്റെ ധനക്കമ്മി 16,000 കോടി രൂപയോളം കുറയ്ക്കാനായത് പിടിആറിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഏല്പിച്ച സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് തമിഴ്നാടിനെ മുക്തമാക്കുന്ന നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പിടിആര്‍ വ്യക്തമാക്കിയിരുന്നു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും എം.ഐ.ടി സ്ലൊവാന്‍ സ്കൂള്‍ ഒഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും നേടിയ ശേഷം ലീമന് ബ്രദേഴ്സിലും സ്റ്റാന്‍ഡേഡ് ബാങ്കിലും പ്രവര്‍ത്തിച്ച പഴനിവേല്‍ ത്യാഗരാജന് തമിഴ്നാട് മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന പിതാവ് പഴനിവേല്‍ രാജന്റെ അകാലമരണത്തെ തുടര്‍ന്നാണ് തമിഴകത്തേക്ക് തിരിച്ചെത്തിയതും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായതും.