കോട്ടയം: കൂട്ടിക്കലില്‍ കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് യാത്ര. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നിലവില്‍ അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിക്കല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ഇതിനുമുന്‍പ് ഇത്രയും രൂക്ഷമായ പ്രകൃതിക്ഷോഭം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
‘കൂട്ടിക്കലില്‍ ഇനി കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ഗതാഗതം സാധ്യമല്ലാതായ ഒറ്റപ്പെട്ട പ്ലാപ്പള്ളി മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായി എത്തുന്നുണ്ട്. അരനൂറ്റാണ്ടിനിടയായി ഇത്തരത്തില്‍ ഒരു ദുരന്തം കോട്ടയം ജില്ലയിലുണ്ടായിട്ടില്ല. ഏതാണ്ട് പന്ത്രണ്ടടിയോളം ഉയര്‍ച്ചയിലാണ് കെട്ടിടങ്ങള്‍ക്കുമുകളിലൂടെ വെള്ളം പൊങ്ങിയത്. ഭയാനകമായ സ്ഥിതിവിശേഷമാണ് ആ സന്ദര്‍ഭത്തിലുണ്ടായത്.
33 ക്യാംപുകള്‍ ജില്ലയില്‍ നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്’. മന്ത്രി പറഞ്ഞു.
കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്റര്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ അഞ്ച് പുതിയ സംഘങ്ങളെ കൂടി വിന്യസിപ്പിക്കും.