പോക്സോ കേസ് പ്രതിയായ വ്‌ളോഗർ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ അധികൃതര്‍ ക്ഷണിച്ചതു പ്രകാരം, തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്.

പോക്‌സോ കേസില്‍ പോലീസ് അന്വേഷണം നേരിടുന്ന വ്യക്തിയെ അതിഥിയായി ക്ഷണിച്ചത് വലിയ വിവാദത്തിനിടയാക്കി. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്‌കൂളില്‍ അതിഥിയായെത്തിയ മുകേഷ്, കുട്ടികളെ അഭിസംബോധന ചെയ്യുകയും സ്‌കൂളില്‍ സമ്മാനവിതരണം നടത്തുകയും ചെയ്തിരുന്നു.

പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതേദിവസംതന്നെയാണ് പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായി പ്രവേശനോത്സവത്തിനെത്തിയത്.

കോവളത്തെ റിസോര്‍ട്ടില്‍വെച്ച് റീല്‍സ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം. നായര്‍. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കോവളം സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പുതിയ സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News