ചിത്രയുടെ മരണം; പ്രതിശ്രുത വരനും സഹായിയും സംശയ നിഴലില്‍
ചെന്നൈ: നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ഹോംനാഥും സഹായിയും ഇപ്പോള്‍ സംശയ നിഴലിലാണ്. കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചതിനെത്തുടര്‍ന്ന് ആര്‍ഡിഒ പരിശോധനയ്ക്കു ശേഷമാണു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ചിത്രയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ മരണം നടന്നതിനു പിന്നാലെ ഹേംനാഥ് നല്‍കിയ മൊഴിയില്‍ പറയുന്നത് ചിത്ര വിഷാദരോഗിയായിരുന്നു എന്നാണ്. മുഖത്തെ മുറിവുകളും ഹേംനാഥിന്റെ മൊഴിയും ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ദുരൂഹതകള്‍ നീക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ചിത്രയുടെ പിതാവ് മുന്നോട്ടു വന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്രയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നോട് വെയിറ്റ് ചെയ്യാനാവശ്യപ്പെട്ട് കുളിക്കാന്‍ കയറിയിട്ട് ഏറെനേരമായി കാണാത്തതിനെ തുടര്‍ന്നു വിളിച്ചു നോക്കിയെങ്കിലും ഉത്തരമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാരനെ വിവരമറിയിച്ചത്. ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സാരി ഉപയോഗിച്ചു ഫാനില്‍ തൂങ്ങിനില്‍ക്കുന്ന ചിത്രയെ കണ്ടത് എന്നായിരുന്നു ഹേംനാഥ് പോലീസിനു നല്‍കിയ മൊഴി.
ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ ജനുവരിയില്‍ വിവാഹം നടക്കാനിക്കെ ഇരുവരും നേരത്തെതന്നെ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നതായും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്തു നില്‍ക്കവെയാണു വി.ജെ. ചിത്രയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധനേടിയ താരം അവതാരികയായും സീരിയല്‍ നടിയായും തിളങ്ങി.