തിരുവനന്തപുരം: ‘ടൗട്ടെ’ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം വരുത്തി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം.
പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി,ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു. ഇതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്.
2017 ല്‍ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു.നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പദ്ധതി ഇനിയും വൈകാനാണ് സാധ്യത.
തലസ്ഥാനത്തിന്റെ തിലകമായ ശംഖുംമുഖം ബീച്ച് കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. ബീച്ചിനായി നിര്‍മ്മിച്ച പടവുകളും നടവഴിയുമടക്കം തീരത്തോട് ചേര്‍ന്ന നിര്‍മ്മാണങ്ങളെല്ലാം രാക്ഷസത്തിരമാലകള്‍ വിഴുങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 5 കോടി മുടക്കി ആരംഭിച്ച നിര്‍മ്മാണങ്ങളാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനായി വൃത്താകൃതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ആറാട്ട് കടവും തകര്‍ന്നു.
ബീച്ചിലേക്ക് ടൈല്‍ പാകിയ നടവഴിയും ലാന്‍ഡ് സ്‌കേപ്പിംഗും ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമെല്ലാം സ്ഥാപിക്കുന്ന പണി ഏകദേശം പൂര്‍ത്തിയായി വരികയായിരുന്നു. നേരത്തേ ബീച്ചിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ കഴിഞ്ഞാല്‍ ഏകദേശം നൂറ് മീറ്ററോളം തീരമുണ്ടായിരുന്നു. ഇപ്പോള്‍ വടക്കു ഭാഗത്തെ പഴയ കല്‍മണ്ഡപത്തിന് സമീപം വരെ കടല്‍ കയറി.