തിരുവനന്തപുരം: മാരക എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് അടക്കമുള്ള സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ച് ‘ നിർവാണ മ്യൂസിക് ഫെസ്റ്റ് ” എന്ന പേരിൽ നടത്തിയ വിഴിഞ്ഞം ഡി ജെ (ഡിസ്‌ക് ജോക്കി) ലഹരി പാർട്ടി കേസിൽ പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. 1 മുതൽ 3 വരെ പ്രതികളായ സംഘാടകനും നടത്തിപ്പുകാരുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ , കണ്ണാന്തുറ സ്വദേശികളായ പീറ്റർ ഷാൻ ഡെന്നി , ആഷിർ. എസ്. എന്നിവരെയാണ് ഹാജരാക്കേണ്ടത്.
പ്രതികളെ നവംബർ 5 ന് ഹാജരാക്കാൻ തിരുവനന്തപുരം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌പി ക്കാണ് കോടതി നിർദ്ദേശം നൽകിയത്. 1985 ൽ നിലവിൽ വന്ന നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 8 (സി) (വാണിജ്യ അളവിൽ എംഡിഎംഎ / എൽ എസ് ഡി സ്റ്റാമ്പ് കൈവശം വക്കൽ) (കുറ്റം തെളിയുന്ന പക്ഷം10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെയാകാവുന്നതുമായ തടവും 1 ലക്ഷത്തിൽ കുറയാത്തതും 2 ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 20 (ബി)2 (എ) (ഉൽപ്പാദനം / കൈവശം വക്കൽ / വാങ്ങൽ /വിൽക്കൽ / കടത്തൽ / അന്തർ സംസ്ഥാന ഇറക്കുമതി /കയറ്റുമതി) (10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെയാകാവുന്നതുമായ തടവും 1 ലക്ഷത്തിൽ കുറയാത്തതും 2 ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 22 (ബി) ( ലഹരിമരുന്ന് കൈവശം വച്ച മുറി / സ്ഥലം എന്നിവയുടെ അധീനത) (10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 25 ( നർക്കോട്ടിക് കുറ്റകൃത്യം ചെയ്യാൻ കെട്ടിടം/സ്ഥലം അനുവദിക്കൽ) (ഏത് നർക്കോട്ടിക് കുറ്റമാണോ നൽകിയ സ്ഥലത്ത് നടന്നത് അതിനുള്ള അതേ ശിക്ഷ) , 29 (കുറ്റകൃത്യം ചെയ്യാൻ പ്രേരണയും സഹായവും ഗൂഢാലോചനയും നടത്തൽ) (ഏതു നർക്കോട്ടിക് കുറ്റം ചെയ്യാനാണോ ഗൂഢാലോചന നടത്തിയത് കൃത്യം നടന്നാലും ഇല്ലെങ്കിലും അതേ കുറ്റത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരം സെഷൻസ് കേസടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
വിഴിഞ്ഞം കാരക്കാട്ട് റിസോർട്ടിൽ ഡ്രഗ്‌സ് ഉപയോഗിച്ചുള്ള ഡി ജെ (ഡിസ്‌ക് ജോക്കി) പാർട്ടി നടത്തിയെന്നാണ് കേസ്. 2021 ഡിസംബർ നാലും അഞ്ചും തീയതികളിലാണ് പാർട്ടി സംഘടിപ്പിച്ചത്. വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിയിൽ ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസ്. ഡിസംബർ നാലും അഞ്ചും തീയതികളിലായിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്.
വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകളുമായി നിരവധി പേർ കസ്റ്റഡിയിലായിരുന്നു. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്തുക്കളുമായി 50 പേരെ കസ്റ്റഡിയിൽ എടുത്തത്. സംഘത്തിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.
2021 ഡിസംബർ 5 നാണ് വിഴിഞ്ഞം റിസോർട്ട് ഡ്രഗ്‌സ് പാർട്ടി നടന്നത്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലാണ് ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസ്. ഡിസംബർ നാലും അഞ്ചും തീയതികളിലായിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. എക്‌സൈസ് എൻഫോഴ്സ്മെന്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികൾ ഉൾപ്പടെ പിടിയിലായിട്ടുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂവെന്നുമായിരുന്നു എക്‌സൈസ് ഭാഷ്യം.
വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് ഡി.ജെ സംഘടിപ്പിച്ചത്. റിസോർട്ടിന് മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ല. ബോട്ട് മാർഗം മാത്രമേ റിസോർട്ടിൽ എത്താനാവുകയുമുള്ളൂ. എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയ റിസോർട്ട് അധികൃതരുടെ ഇടപെടലുകൾ സംശയത്തിന്റെ നിഴലിലാണ്. മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസമുണ്ടെന്നായിരുന്നു എക്‌സൈസ് മാധ്യമങ്ങൾക്ക് നൽകിയ വിവരം. അതേ സമയം മയക്കുമരുന്ന് ബിസിനസിൽ തഴച്ചുവളരുന്ന മാഫിയ , മയക്കുമരുന്ന് ഉറവിടം , നിർമ്മാതാക്കൾ , വിൽപ്പനക്കാർ , ഇടനിലക്കാർ എന്നീ പ്രധാന പ്രതികളെ ഒഴിവാക്കിയുള്ള കുറ്റപത്രമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.