കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് കിരണ്‍. രോഗം സ്ഥിരികരിച്ച സാഹചര്യത്തില്‍ കിരണ്‍ കുമാറിനെ വിസ്മയയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും നിരിക്ഷണത്തില്‍ പോവുകയും ചെയ്തു.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മര്‍ദ്ദിച്ചിരുന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മര്‍ദ്ദനമുണ്ടായിട്ടില്ലെന്നും കിരണ്‍ മൊഴി നല്‍കി. കിരണിനെ ശാസ്താംനടയിലെ വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിര്‍വികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരണ്‍കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഇതിനിടെ നടുറോഡില്‍ പട്ടാപ്പകല്‍ പോലും വിസ്മയക്ക് കിരണില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ വിസ്മയയുടെ വീട്ടില്‍ നിന്ന് പോരുവഴിയിലെ കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മര്‍ദ്ദനം. അടിയേറ്റ വിസ്മയ കാറില്‍ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാര്‍ഡായ ആള്‍ഡ്രിന്റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരണ്‍ കാര്‍ റോഡില്‍ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞെന്നാണ് ആള്‍ഡ്രിന്റെയും കുടുംബത്തിന്റെയും മൊഴി.