KeralaNews

വിവാദരഹിതനായ ഓഫീസര്‍, കല്‍പ്പറ്റ എ.എസ്.പിയായി തുടക്കം; അനില്‍ കാന്തിനെ കുറിച്ച് കൂടുതല്‍ അറിയാം

തിരുവനന്തപുരം: പുതിയതായി പോലീസ് മേധാവിയായി ചുമയതയേറ്റ അനില്‍ കാന്ത് പോലീസ് സേനയ്ക്കുള്ളിലും രാഷ്ട്രീയ നേതൃത്വത്തിനും ഒരുപോലെ സ്വീകാര്യന്‍. സര്‍വീസ് ജീവിതത്തില്‍ ഒരിക്കലും വിവാദങ്ങളില്‍ ചാടാതെ ജാഗ്രത പുലര്‍ത്തിയ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു അദ്ദേഹം. ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം.

ഈ സവിശേഷതയാണ് അദ്ദേഹത്തിന്റെ പോലീസ് മേധാവിയായുള്ള സ്ഥാനക്കയറ്റത്തിനു പിന്നിലും. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്സി മുന്നോട്ടു വച്ച ലിസ്റ്റില്‍ അനില്‍ കാന്തിനൊപ്പം ഉണ്ടായിരുന്നത് സുദേഷ് കുമാറും ബി.സന്ധ്യയുമായിരുന്നു. എന്നാല്‍ വിവാദങ്ങളില്ലാത്ത സര്‍വീസ് ജീവിതമാണ് അനില്‍ കാന്തിന് തുണയായത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്‌സ് മേധാവി, ഗതാഗത കമ്മീഷണര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് കല്‍പ്പറ്റ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ഡല്‍ഹി, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും ജോലി നോക്കി.

ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജോലി നോക്കി.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64-ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് അനില്‍ കാന്ത്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker