തിരുവനന്തപുരം: വെള്ള, നീല കാർഡുകാർക്ക് സ്പെഷ്യൽ അരി നൽകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിനെതിരേ സർക്കാർ നിയമനടപടിക്ക്. വിഷു കിറ്റ് വിതരണം ചെയ്യുന്നത് നീട്ടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനായിരുന്നു തീരുമാനം.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്താൽ ഏപ്രിൽ ഒന്ന് മുതലാണ് വിഷു കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഏപ്രിൽ ഒന്ന്, രണ്ട് തിയതികളിൽ അവധിയാണെങ്കിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആദ്യം വിതരണം ചെയ്യും.
വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരി നൽകാനായിരുന്നു തീരുമാനം. ഇത് വിതരണം ചെയ്യുന്നത് തടഞ്ഞ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.
അതിനിടെ തെരഞ്ഞെടുപ്പിൽ അന്നംമുടക്കി ആരോപണം സർക്കാരും പ്രതിപക്ഷവും ശക്തമാക്കി. സർക്കാരിന്‍റെ അരിവിതരണത്തിൽ ചെന്നിത്തല നൽകിയ പരാതി ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ സെപ്റ്റംബർ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം തടഞ്ഞ് അന്നം മുടക്കിയത് സർക്കാരെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം.