തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍.
തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഉടമയായ ഡോള്‍സി ജോസഫൈന്‍ സജു, മകന്‍ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ്ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ സ്ഥാപനത്തില്‍നിന്നു രഹസ്യമായി സാധനങ്ങള്‍ മാറ്റാനെത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
കാനഡ, അമേരിക്ക, യു.കെ. എന്നിവിടങ്ങളില്‍ തൊഴില്‍വിസ വാഗ്ദാനംചെയ്ത് പണം വാങ്ങിയ കേസില്‍ ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി അറുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് കേസെടുക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയുംചെയ്തതോടെ ഇവര്‍ സ്ഥാപനം പൂട്ടി മുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ സാധനങ്ങള്‍ മാറ്റാന്‍ ഇവര്‍ രഹസ്യമായി ശാസ്തമംഗലത്തെ സ്ഥാപനത്തിലെത്തി. ഈ വിവരമറിഞ്ഞ കെട്ടിട ഉടമയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന പോലീസ് പൈപ്പിന്‍മൂടിനു സമീപംവെച്ച് വാഹനം കുറുകേ നിര്‍ത്തി ഇവരെ പിടികൂടുകയായിരുന്നു.
വിദേശത്ത് തൊഴില്‍വിസയും വന്‍ ശമ്പളമുള്ള ജോലികളും തരപ്പെടുത്തിനല്‍കുമെന്ന് സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പരസ്യം നല്‍കിയിരുന്നത്. ഫോണില്‍ ബന്ധപ്പെടുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ച് ഒരാളില്‍നിന്ന് രണ്ടുലക്ഷംമുതല്‍ പത്തരലക്ഷം രൂപവരെ വാങ്ങി. പറഞ്ഞസമയം കഴിഞ്ഞും നടപടികളൊന്നും ഉണ്ടാകാതായതോടെയാണ് പലരും പണം തിരികെ ചോദിച്ചെത്തിയത്.
തട്ടിപ്പിനിരയായ അന്‍പതോളം ചെറുപ്പക്കാര്‍ ശാസ്തമംഗലത്തെ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് വമ്പന്‍ തട്ടിപ്പ് പുറത്തറിയുന്നത്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് എന്നപേരിലാണ് ശാസ്തമംഗലത്ത് ഇവര്‍ മുറി വാടകയ്ക്ക് എടുത്തിരുന്നത്.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. പരാതി കൊടുത്തവര്‍ക്കും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കു നേരേയും പ്രതികളും കേസ് കൊടുത്തിരുന്നു. തെളിവെടുപ്പ് കഴിഞ്ഞശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.