ദുബായ്: മാധ്യമസ്ഥാപനങ്ങളുടെ പേരു പറഞ്ഞ് ദുബായില്‍ മലയാളി തൊഴില്‍ തട്ടിപ്പു നടത്തുന്നതായി പരാതി.തിരുവനന്തപുരം സ്വദേശി ശ്യാം മനു എന്ന ശ്യാം മോഹനെതിരെയാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. വിസിറ്റിംഗ് വിസയില്‍ ദുബായില്‍ ആളുകളെയെത്തിച്ച ശേഷം ജോലി സ്ഥിരപ്പെടുത്താമെന്ന വ്യാജേന പണം തട്ടുന്ന ഏജന്റുമാരില്‍ ഒരാളാണ് ഇയാളെന്ന് തട്ടിപ്പിനിരയായ ഉദ്യാഗാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
നാല്പതിനായിരം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങി ഇന്ത്യന്‍ രൂപ അറുപതിനായിരം ശമ്പളവും താമസ സൗകര്യവും നല്‍കാനെന്നു പറഞ്ഞാണ് ദുബായിലേക്ക് ആളുകളെ കൊണ്ടുപോകുന്നത്.ഇത്തരത്തില്‍ വ്യാജമായി ദുബായിലേക്കു വിസിറ്റ് വിസയില്‍ ഉദ്യോഗാര്‍ത്ഥികളെ കടത്തുന്ന ഏജന്‍സി തിരുവന്തപുരത്തും പത്തനംതിട്ടയിലും സജീവമാണ്. ഇത്തരത്തില്‍ ദുബൈയില്‍ എത്തുന്നവരെ ശ്യാം മോഹന്‍ സ്വീകരിച്ചു ബര്‍ദുബായിലെ റാഫ പോലീസ് സ്റ്റേഷന് സമീപത്തുള്ള ശ്യാം മോഹന്‍ മാനേജരായ ഒരു ബിസിനസ് സ്ഥാപനത്തില്‍ ആക്കുകയും ചെയ്യും എന്നാല്‍ ഇവര്‍ക്ക് താമസ സൗകര്യമോ ഭക്ഷണത്തിനുള്ള സംവിധാനമോ ഏര്‍പ്പാടാക്കില്ല.
ജോലിക്കു വരുന്നവര്‍ തന്നെ ഇത് ക്രമീകരിയ്ക്കണം. തുടര്‍ന്ന് ഏകദേശം മുപ്പത് ദിവസത്തോളം ഇവരെ ജോലി ചെയ്യിപ്പിച്ചിട്ട് ഇവരുടെ ജോലി കമ്പനിക്ക് ഇഷ്ടപ്പെട്ടില്ലെന്നു നിങ്ങള്‍ വേറെ ജോലി കണ്ടെത്താനാണ് പറയും. നാട്ടില്‍ ഭീമമായ തുക കൊടുത്തു ജോലിയെന്ന സ്വപ്നവുമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ വഴിയാധാരമാകുകയും ചെയ്യും. ഇവരുടെ കാര്യങ്ങളെ കുറിച്ച് ബന്ധുക്കള്‍ ആരെങ്കിലും ഫോണിലോ നേരിട്ടോ ശ്യാം മോഹനുമായി സംസാരിച്ചാല്‍ തന്റെ സ്‌പോണ്‍സര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്നും എന്നെ വിളിച്ചു ശല്യം ചെയ്താല്‍ നിങ്ങളെ ഞാന്‍ ജയിലില്‍ ആക്കുമെന്നുമെല്ലാം പറഞ്ഞു ഭീഷണിപെടുത്തുമെന്നും പരാതിയുണ്ട്.
താന്‍ കേളത്തിലെ പ്രമുഖ പ്രത്രത്തിന്റെയും ചാനലിന്റെയും റിപ്പോര്‍ട്ടറാണെന്നും ഇയാള്‍ ഉദ്യോഗാര്‍ത്ഥികളോട് അവകാശപ്പെടാറുണ്ട്.ചാനലിന് ദേശീയ തലത്തില്‍ പിടിപാടുള്ളതിനാല്‍ വിദേശകാര്യമന്ത്രാലയം ചെറുവിരലനക്കില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.എന്നാല്‍ ഇത്തരത്തിലൊരു ജീവനക്കാരന്‍ ഇല്ലെന്ന് മാധ്യമസ്ഥാപനങ്ങള്‍ അറിയിച്ചതായും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.
നിലവില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ദുബായില്‍ വിസയുടെ കാലാവധി കഴിഞ്ഞു പതിനഞ്ചോളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും താമസ സൗകര്യം ഭക്ഷണവും ഇല്ലാതെ ദുരിതത്തില്‍ കഴിയുകയാണ്. മുഖ്യമന്ത്രിയുള്‍പ്പടെ എല്ലാവര്‍ക്കും ശ്യാമിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ്.