CrimeKeralaNews

‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്’; നിരാശക്കുറിപ്പെഴുതിയ ‘വൈറൽ കള്ളൻ’ പിടിയിൽ

മാനന്തവാടി: ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്… വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ്‌മാത്രം എടുക്കുന്നു..’- കടയിൽ കയറി ഒന്നും കിട്ടാത്തതിനെത്തുടർന്ന് നിരാശനായ കള്ളന്റെ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തൃശ്ശൂർ കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് ‘അധ്വാനം പാഴായതിലുള്ള’ അമർഷം കടയുമയെ അറിയിച്ച് മടങ്ങിയത്.

ഇതറിഞ്ഞവർക്ക് ആ കള്ളൻ ആരെന്നറിയാനുളള കൗതുകമുണ്ടായിരുന്നു. വയനാട് പുല്പള്ളി ഇരുളം സ്വദേശി കളിപറമ്പിൽ വിശ്വരാജി (40) നെ ആണ് ശനിയാഴ്ച മാനന്തവാടി പോലീസ് പിടികൂടിയത്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കുന്നംകുളത്തെ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപകമോഷണമുണ്ടായിരുന്നു. ചില സ്ഥാപനങ്ങളിൽ മോഷണശ്രമവുമുണ്ടായി.

വിവിധ സ്ഥാപനങ്ങളിൽനിന്നായി 13,000 രൂപയോളമാണ് നഷ്ടപ്പെട്ടത്. തങ്ങൾക്ക് തലവേദനയുണ്ടാക്കിയ കള്ളനായി പോലീസ് വലവിരിച്ചുനടക്കുന്നതിനിടെയാണ് വിശ്വരാജ് സ്വന്തം ജില്ലയിൽനിന്നുതന്നെ പിടിയിലായത്. പോലീസിന്റെ ചോദ്യംചെയ്യലിൽ വിശ്വരാജ് കുന്നംകുളത്തെ മോഷണമേറ്റുപറഞ്ഞു. കഴിഞ്ഞദിവസം തങ്ങളുടെ കൈയിൽനിന്ന് വഴുതിപ്പോയ കള്ളനെ വേഗത്തിൽ പിടികൂടാനായതിനാൽ മാനന്തവാടി പോലീസിനുള്ള മാനക്കേടും ഒഴിവായി.

വയനാട് ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ ജില്ലകളിൽ 53-ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മോഷണത്തിനുശേഷം ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ദേഹശുദ്ധി വരുത്തിയത്. ഇടയ്ക്ക് ഡോക്ടറെ കണ്ട് ഒരു പരിശോധനയും നടത്തുന്നതായിരുന്നു രീതി. കല്പറ്റയിൽ മോഷണം നടത്തിയശേഷമാണ് ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ഇയാൾ വെള്ളിയാഴ്ച മാനന്തവാടിയിലെത്തി ചികിത്സതേടിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് ആശുപത്രിജീവനക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരുരാത്രി മുഴുവൻ വിശ്വരാജിനായി തിരഞ്ഞ പോലീസിന് ഇയാൾ വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉണ്ടെന്ന വിവരംലഭിച്ചു. തുടർന്നാണ് ശനിയാഴ്ച രാവിലെ ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം ഉൾപ്പെടുന്ന സംഘം മഫ്‌തിയിലെത്തി ആശുപത്രിയധികൃതരുടെ സഹായത്തോടെ വിശ്വരാജനെ കസ്റ്റഡിയിലെടുത്തത്.

വയനാടിന് പുറമേ കൊയിലാണ്ടി, ഫറോക്ക്‌, ഗുരുവായൂർ, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള വിവിധസ്ഥലങ്ങളിൽ വിശ്വരാജന്റെ പേരിൽ കേസുള്ളതായി പോലീസ് പറഞ്ഞു. മാനന്തവാടി സ്റ്റേഷൻപരിധിയിൽ വിശ്വരാജിന്റെ പേരിൽ കേസില്ലാത്തതിനാൽ മാനന്തവാടി പോലീസ് ഇയാളെ കല്പറ്റ പോലീസിന് കൈമാറി. എ.എസ്.ഐ. കെ. മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർമാരായ നിധിൻ നാരായണൻ, അജീഷ് കുനിയിൽ എന്നിവരും വിശ്വരാജിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button