തിരുവനന്തപുരം: ഹര്‍ത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് ഓഫീസിലും അക്രമം. കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് ഓഫീസിലാണ് ഹര്‍ത്താല്‍ അനുകൂലികളുടെ അതിക്രമം നടന്നത്.
ഓഫീസ് അടപ്പിക്കാനെത്തിയവര്‍ ജീവനക്കാരെ തടയുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരില്‍ ഒരാളെ മര്‍ദിച്ചു. കോഴിക്കോട് നടക്കാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം അയണിമൂട്ടില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു എന്ന് പമ്പ് മാനേജര്‍ ഹരിപ്രകാശ് പറഞ്ഞു. നരുവാമൂട് പോലീസില്‍ ഹരിപ്രകാശ് പരാതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.