ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിലെ പരസ്യപ്രചാരണം അവസാനിച്ചശേഷം സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുരയില്‍ നിശബ്ദ പ്രചാരണ സമയത്ത് വോട്ടഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസയച്ചു.
നിശബ്ദ പ്രചാരണ സമയത്ത് ഏര്‍പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സമൂഹ മാധ്യമ പോസ്റ്റുകള്‍ക്കും ബാധകമാണെന്നും, അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ തലേദിവസവും, പോളിങ് നടന്ന ദിവസവും പാര്‍ട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍നിന്ന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് നടത്തിയ പോസ്റ്റുകള്‍ക്കാണ് കമ്മീഷന്റെ നോട്ടീസ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ നോട്ടീസുമാണ് കമ്മീഷന്‍ അയച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പിന്റെ ലംഘനം ആരോപിച്ചാണ് നടപടി. ട്വീറ്റുകള്‍ സംബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും, അടിയന്തരമായി തിരുത്തല്‍ നടപടി ഉണ്ടാകണമെന്നുമാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പ് പ്രകാരം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് എല്ലാ തരത്തിലുള്ള പരസ്യ പ്രചാരണവും അവസാനിച്ചിരിക്കണം. ഇത് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവോ, പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം. ഇത് ആദ്യമായാണ് നിശബ്ദ പ്രചാരണ സമയത്തെ ട്വീറ്റുകള്‍ക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്.