കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്ത് പോലീസ്. ഈ മാസം ഒമ്പതിന് നടന്ന പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വഖഫ് നിയമനം പിഎസ്സിക്കു വിട്ട തീരുമാനത്തിനെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് മറുപടിയുമായി എം.കെ.മുനീര്‍ എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം ലീഗ് എന്ത് ചെയ്യണമെന്ന് എകെജി സെന്ററിന്റെ അനുമതി ആവശ്യമില്ല. പറഞ്ഞതൊന്നും ചെയ്യാത്തയാളാണ് മുഖ്യമന്ത്രിയെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ല. ഒരു സമുദായം മാത്രം ഒന്നും ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല.
വഖഫ് നിയമന വിവാദത്തില്‍ ഞങ്ങള്‍ മിണ്ടരുതെന്നാണോ പിണറായി വിജയന്‍ പറയുന്നത്. അത് കൈയില്‍ വച്ചാല്‍ മതി. ലീഗിന്റെ തലയില്‍ കയറേണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീര്‍ കുറ്റപ്പെടുത്തി.