വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം കണ്ടവരുടെയെല്ലാം മനസില്‍ തങ്ങി നിന്ന കഥാപാത്രമായിരുന്നു സെല്‍വയുടേത്.സെല്‍വിയുമായുള്ള സെല്‍വയുടെ പ്രണയവും അരുണ്‍ നീലകണ്ഠനുമായി ഒരു ഘട്ടത്തില്‍ ഉണ്ടാകുന്ന ആത്മബന്ധവുമെല്ലാം ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു.
മിന്നലഴകേയെന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ കലേഷായിരുന്നു ചിത്രത്തില്‍ സെല്‍വയെ അവതരിപ്പിച്ചത്. പ്രണവ് മോഹന്‍ലാലിനൊപ്പം ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് കലേഷ്.
പ്രണവ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത് ഹൃദയത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്നും എന്നാല്‍ ഏറെ നാള്‍ സൗഹൃദമുള്ളവരെപ്പോലുള്ള ഒരു കെമിസ്ട്രി തങ്ങള്‍ക്കിടയില്‍ ഉണ്ടായെന്നുമാണ് കലേഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
‘ ഹൃദയത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. രസമെന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ തമ്മിലുള്ള ആദ്യ ഷോട്ട് എടുത്തതിന് ശേഷം വിനീതേട്ടന്‍ ആ സീന്‍ മോണിറ്ററില്‍ കാണിച്ചുതന്നു. ‘ഇതിനു മുന്‍പ് നിങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നോ’ എന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. അത്രയ്ക്കും ആഴത്തില്‍ സൗഹൃദമുള്ളവര്‍ തമ്മിലുള്ള കെമിസ്ട്രി ഞങ്ങള്‍ തമ്മിലുള്ള ആ ഷോട്ടില്‍ വര്‍ക്ക് ഔട്ട് ആയി എന്നാണ് അദ്ദേഹം പറഞ്ഞത്.
വളരെ സിമ്പിളും ജനുവിനുമായ വ്യക്തിത്വമാണ് പ്രണവിന്റേത്. ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യന്‍. ഞങ്ങളുടെ ആദ്യ ഷോട്ട് പരീക്ഷാ ഹാളിലേതായിരുന്നു. പരീക്ഷ എഴുതാന്‍ കഴിയാതെ അരുണ്‍ എഴുന്നേറ്റു പോകുന്ന ഷോട്ടും അരുണിന് സെല്‍വ തന്റെ ഉത്തരപേപ്പര്‍ കാണിച്ചുകൊടുക്കുന്ന ഷോട്ടുമായിരുന്നു അത്.
ആ ബെഞ്ചിലിരുന്നാണ് ഞാനും പ്രണവും ആദ്യമായി പരിചയപ്പെടുന്നത്. പരീക്ഷാ ഹാളിലെ സീന്‍ ആയതു കൊണ്ട് ഞങ്ങള്‍ അവിടെ നിന്ന് എഴുന്നേറ്റില്ല. ആ സമയത്ത് പ്രണവ് എന്നോട് ഇങ്ങോട്ടു വന്നു മിണ്ടുകയായിരുന്നു. താര പുത്രന്റെതായ ഒരു ജാഡയുമില്ലാതെ.
പ്രണവിന് വേണമെങ്കില്‍ എന്നോട് മിണ്ടാതെ അദ്ദേഹത്തിന്റെതായ ഇടത്ത് ഇരിക്കാമായിരുന്നു. എന്നാല്‍ വളരെ ജനുവിനായി ഇടപഴകുകയായിരുന്നു. മറ്റുള്ളവരിലേക്ക് പോസിറ്റീവ് വൈബ് നിറയ്ക്കാന്‍ കഴിവുള്ള ഒരു വ്യക്തിയാണ് പ്രണവ്’, കലേഷ് പറയുന്നു.
സിനിമയില്‍ എത്തിയിട്ട് എട്ടുവര്‍ഷത്തിന് മുകളിലായെങ്കിലും ആളുകള്‍ തന്നെ തിരിച്ചറിയാന്‍ ഹൃദയത്തിലെ സെല്‍വെയെന്ന കഥാപാത്രം കിട്ടുന്നത് വരെ കാത്തിരിക്കേണ്ടി വന്നെന്നും കലേഷ് പറയുന്നു. ഹൃദയം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ തന്റെ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വന്നേനെയെന്നും സെല്‍വ തന്റെ കാത്തിരിപ്പിന് അവസാനം നല്‍കിയിരിക്കുകയാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് കലേഷ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.