മലയാള സിനിമയിലെ എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ദാസിനോടും വിജയനോടും എന്നും മലയാളിക്ക് ഹൃദയത്തിൽ ഒരു പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഏതൊരു ശരാശരി മലയാളിക്കും എല്ലാകാലത്തും ഉൾക്കൊള്ളാവുന്ന കഥാപാത്ര സൃഷ്ടിയായിരുന്നു ദാസന്റെയും വിജയന്റെയും.
നാടോടിക്കാറ്റിന് ശേഷം പട്ടണപ്രവേശത്തിലൂടെയും അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലൂടെയും വീണ്ടും ദാസനും വിജയനും മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്ന് ചിത്രങ്ങളും മലയാളികൾ നെഞ്ചോട് ചേർത്താണ് ഏറ്റെടുത്തിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ താര സംഘടനയായ അമ്മയും മഴവിൽ മനോരമയും സംയുക്തമായി ചേർന്ന് അവതരിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് നിശയിൽ മലയാളികളുടെ ഹൃദയം നിറച്ചുകൊണ്ട് ദാസനും വിജയനും വേദിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന ശ്രീനിവാസൻ ഒരു ഇടവേളക്ക് ശേഷമാണ് ഒരു പൊതുവേദിയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ശാരീരികമായി ഏറെ അവശതയിൽ കാണപ്പെട്ട ശ്രീനിവാസനെ വേദിയിലേക്ക് വിളിച്ച് പ്രിയ കൂട്ടുകാരൻ മോഹൻലാൽ സ്നേഹത്തോടെ ചുംബിച്ചപ്പോൾ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിറഞ്ഞ കയ്യടികൾ നൽകുകയായിരുന്നു.
പരിപാടിക്കുശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. അച്ഛനെ വീണ്ടും ഇതുപോലെ വലിയൊരു സദസ്സിൽ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി, ദാസനെയും വിജയനെയും കുറിച്ചുള്ള പരാമർശങ്ങൾ ഏറെ സന്തോഷം നൽകുന്നവയാണ്. സത്യത്തിൽ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിന്റെ തിരക്കഥ വർഷങ്ങൾക്കു മുന്നേ അച്ഛൻ പൂർത്തിയാക്കി വെച്ചിരുന്നു.
എന്നാൽ മറ്റു ചില പ്രശ്നങ്ങൾ കൊണ്ട് ആ ചിത്രം സംഭവിച്ചില്ല. ഒരു തിരുത്തലുകളും കൂടാതെ ഇന്നും ആ തിരക്കഥ സിനിമയാക്കുവാൻ സാധിക്കും, ലാൽ അങ്കിളിനോട് ഇതിനെക്കുറിച്ച് ഒരിക്കൽ സൂചിപ്പിച്ചിരുന്നു. ദാസൻ എന്ന കഥാപാത്രത്തെ ചെയ്യുവാൻ ആദ്ദേഹത്തിന് ഇപ്പോഴും സാധിക്കും, അച്ഛൻറെ ആരോഗ്യസ്ഥിതി വെച്ച് ഇപ്പോൾ അത് പ്രയാസമാണ്. മറ്റാരെങ്കിലും വെച്ച് ആ തിരക്കഥ ചെയ്തുകൂടെ എന്നും പ്രണവിനെയും തന്നെയും ആ തിരക്കഥയിലേക്ക് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം നിർദ്ദേശം വെച്ചിരുന്നു.
എന്നാൽ അതിന് എനിക്ക് ധൈര്യമില്ല, കാരണം ഇത് ആ കഥയിലേക്ക് മറ്റു കഥാപാത്രങ്ങൾ വരുന്നതോ അവരുടെ മക്കൾ സിനിമയെ കൊണ്ടുപോകുന്നതോ അല്ല. അതേ കഥാപാത്രങ്ങൾ ആയി തന്നെയാണ് മാറേണ്ടത്, എനിക്ക് പോലും ദാസനെയും വിജയനെയും മറ്റൊരാളുടെ മുഖം വെച്ച് ചിന്തിക്കുവാൻ പോലും സാധിക്കുകയില്ല. പക്ഷേ അച്ഛൻറെ ആഗ്രഹം എന്ന നിലയിൽ ആലോചനകൾ ഗൗരവപരമായി മുന്നോട്ട് പോകുന്നുണ്ട് അതിനെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല വിനീത് കൂട്ടിച്ചേർത്തു.