നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജം, തെളിവുണ്ടെന്ന് വിനീത് ശ്രീനിവാസൻ

കൊച്ചി : നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറയുന്നത്. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നംവബർ‌,​ ഡിസംബ‌ർ മാസങ്ങളിലായി തന്നെ ദുബായിൽ വച്ച് നിവിൻ പോളിയടക്കമുള്ള ഒരു സംഘം ആളുകൾ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെയാണ് നിവിന് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത് വരുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ ഓർമ്മയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു,​

ബലാത്സംഗം അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചുപേർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങൾ അസത്യമാണെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാംപ്രതി എം.കെ. സുനിലും വ്യക്തമാക്കിയിട്ടുണ്ട്.

നിവിൻ പോളിക്കെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യറായില്ലെന്ന് പരാതിക്കാരി. ആദ്യം ലോക്കൽ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ദുബായിൽ നടന്ന സംഭവമാണ് അവിടെയാണ് കേസ് കൊടുക്കേണ്ടതെന്നാണ് അവർ പറഞ്ഞതെന്നും യുവതി വ്യക്തമാക്കിയിരുന്നു.

തന്റെ മൊഴി പോലും ആദ്യം രേഖപ്പെടുത്തിയില്ലെന്ന് അവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം കേസ് വീണ്ടും കൊടുത്തപ്പോൾ നല്ല സമീപനമാണ് ലഭിച്ചത്. നീതി കിട്ടുമെന്നാണ് കരുതുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

‘എന്റെ പുറകിൽ ഒരു ഗ്രൂപ്പുമില്ല, ഞാൻ ഒറ്റയ്‌ക്കാണ്. നീതി കിട്ടുമെന്ന് ഉറപ്പുണ്ട്. ഇതുവരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. നീതി കിട്ടുവരെ പോരാടും. പൊലീസ് പറയുന്ന എന്ത് നടപടിയ്ക്കും ഞാൻ തയ്യാറാണ്’,- യുവതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News