കൊച്ചി:23-മത്തെ വയസ്സിൽ 1969-ൽ സിനിമയിലെത്തുകയും 45 -മത്തെ വയസ്സിൽ (1991) മരണമടയുകയും ചെയ്ത സിനിമ നടൻ വിൻസെന്റിന്റെ ഓർമ്മകൾക്ക് ആഗസ്റ്റ് 30 ന് മുപ്പതാണ്ട് തികയുന്നു.
1969-ൽ സംവിധായകൻ ശശികുമാറിന്റെ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായിട്ടാണ് സിനിമാ പ്രവേശനം. പിന്നീട് മധുവിധു എന്ന ചിത്രത്തിൽ (ഡബിൾ റോൾ) നായകനായി .
പ്രേം നസീർ നായകനായി പ്രശോഭിച്ചിരുന്ന 70 കളിൽ മറ്റൊരു നായകനായി വിൻസെന്റും വളർന്നു വന്നു.
മൂന്നു പൂക്കൾ, കരകാണാകടൽ, ഭീകര നിമിഷങ്ങൾ എന്നീ ചിത്രങ്ങളിൽ അനശ്വര നടൻ സത്യൻനൊപ്പം യുവ നടൻ വിൻസെന്റും അഭിനയിച്ചു.
അച്ചാണി , അഴകുള്ള സെലീന, കനൽക്കട്ടകൾ, ടാക്സി കാർ , പ്രവാഹം, കാലചക്രം, ലേഡീസ് ഹോസ്റ്റൽ തുടങ്ങി 45 ലേറെ ചിത്രങ്ങളിൽ നിത്യ ഹരിത നായകൻ പ്രേം നസീറിനൊപ്പം കൂട്ടുകാരനായും അനുജനായും വില്ലനായും നായകനായും മകനായും വിൻസെന്റ് അഭിനയിച്ചിട്ടുണ്ട്. പ്രേം നസീർ – വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന പടങ്ങൾ അക്കാലത്ത് ഹിറ്റായിരുന്നു. ഇതിൽ അഴകുള്ള സെലീനയിൽ പ്രേം നസീർ നെഗറ്റീവ് കഥാപാത്രമായും വിൻസെന്റ് നായകനായും വന്നത് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
സത്യൻ, പ്രേം നസീർ എന്നിവരെ കൂടാതെ മധു , ഉമ്മർ ,സുധീർ, രാഘവൻ, രവികുമാർ ,കമൽഹാസൻ ,സുകുമാരൻ, ജയൻ, എം.ജി സോമൻ , ജോസ് , ശങ്കർ , സത്താർ, മോഹൻലാൽ , മമ്മൂട്ടി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
ജയഭാരതി, ശ്രീദേവി,റാണി ചന്ദ്ര, സുജാത , വിജയശ്രീ , വിധുബാല, ഉണ്ണിമേരി , വിജയലളിത ,ജമീല മാലിക് , രാജ കോകില, സീമ, ശ്രീവിദ്യ,തുടങ്ങിയവർ വിൻസെന്റിന്റെ നായികമാരായിരുന്നിട്ടുണ്ട്.
22 വർഷക്കാലത്തെ സിനിമാ ജീവിതത്തിൽ 200 ലേറെ ചിത്രങ്ങളിൽ അതിലേറെയും നായകനായി വിൻസെന്റ് അഭിനയിച്ചു.
ഡ്യൂപ്പില്ലാതെ സാഹസിക സ്റ്റണ്ട് രംഗങ്ങളിൽ വിൻസെന്റിന്റെ അഭിനയം “വിൻസ്റ്റണ്ട് ” എന്ന പേരിൽ അറിയപ്പെട്ടു. റൊമാന്റിക് ആക്ഷൻ ഹീറോ, ഇടിവണ്ടി, ചോക്ലേറ്റ് നായകൻ, കോളിനോസ് ചിരിയുള്ള ഹീറോ, മലയാളത്തിലെ ജെയിംസ് ബോണ്ട്, ടാർസൻ എന്നീ അപര നാമങ്ങളും സിനിമാ ലോകം അദ്ദേഹത്തിനു ചാർത്തി കൊടുത്തു.
പാലരുവി കരയിൽ ,ഒരു സ്വപ്നത്തിൻ
മഞ്ചലെനിക്കായ്, ഇലഞ്ഞി പൂ മണമൊഴുകിവരും ,നീലജലാശയത്തിൽ,
ഒരു നിമിഷം തരൂ നിന്നിലലിയാൻ,
ദേവി നിൻ ചിരിയിൽ കുളിരൊ,ഹൃദയം മറന്നു
നാണയ തുട്ടിന്റെ ,വാക പൂമരം,
വെള്ള പളുങ്കൊത്ത , ചിത്തിര തോണിക്കു പൊന്മാല, അമ്പിളി വിരിയും പൊന്മാനം,
കർപ്പൂര തുളസി പന്തൽ ,
പുഷ്പതല്പത്തിൽ നീ വീണുറങ്ങി
തുടങ്ങി 100 ലേറെ നിത്യ ഹരിത ഗാനങ്ങളിൽ അഭിനയിച്ചു.
തമിഴിൽ ജയലളിതാമ്മ നായികയായ ഉന്നൈ സുട്രും ഉലകം എന്ന ചിത്രത്തിൽ വിധുബാലയോടൊപ്പം റൊമാന്റിക് ഹീറോയായും അന്നെയ് വേളാങ്കണ്ണി എന്ന ചിത്രത്തിലും വിൻസെന്റ് അഭിനയിച്ചിട്ടുണ്ട്.
വൈപ്പിൻ എടവനക്കാട് മുക്കത്ത് അംബ്രോസിന്റെയും വിക്ടോറിയയുടെയും 11 മക്കളിൽ മൂത്ത മകനായി ജനിച്ചു. സ്കൂൾ തലത്തിലും (KPMHS), നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയായ കോഹിനൂർ ആർട്സ് ക്ലബിലേയും നാടക നടനായിട്ടാണ് വളർച്ച . കൊച്ചിയിലെ മെറ്റൽ ബോക്സ് കമ്പനിയിൽ ജോലിയിലിരിക്കെ സ്ഥാപനം പൂട്ടി പോയി. തുടർന്ന് മദിരാശിയിലെ ഹെഡ് ഓഫീസിൽ ജോലി തേടി പോയതാണ് അദ്ദേഹത്തിന് വഴിത്തിരിവായത്.
പരേതയായ മേരിയായിരുന്നു ഭാര്യ. ചെന്നൈയിൽ സ്ഥിര താമസക്കാരായ ഈ ദമ്പതികളുടെ മക്കളാണ് റോബി വിൻസെന്റ് (ചെന്നൈ), റിച്ചാർഡ് വിൻസെന്റ് ( ദുബായ്) എന്നിവർ .1991 ആഗസ്റ്റ് 30 ന് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്.