തന്നെ വെച്ച് സിനിമ ചെയ്യാന്‍ വരുന്നവര്‍ ഇന്നും കള്ളിമുണ്ടിന്റെ അപ്പുറത്തേക്ക് തന്നെ കണ്ടിട്ടില്ലെന്ന് നടന്‍ വിനായകന്‍. ‘എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്. കള്ളിമുണ്ട് എനിക്ക് മതിയായി.കമ്മട്ടിപ്പാടത്തോടെ ആ റോള് എനിക്ക് വെറുത്തു’- വിനായകന്‍ പറഞ്ഞു. ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പൊലീസായതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. എല്ലാ പോലീസുകാര്‍ക്കും ഒരു ലുക്കാണ്.
പോലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പൊലീസുകാരനായാണ് ഒരുത്തീയില്‍ അഭിനയിക്കുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുത്തീ’ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിനായകന്‍ തുറന്നടിച്ചത്.
സിനിമയുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും വിനായകന്‍ വിശദീകരിച്ചു. ബിസിനസ് ആണ് സിനിമയുടെ കാര്യത്തില്‍ ആദ്യം നോക്കുന്നതെന്നും മറ്റുള്ളതെല്ലാം പിന്നീടാണ് നോക്കുന്നതെന്നും വിനായകന്‍ പറഞ്ഞു.
‘എന്റെ സന്തോഷം കൈയ്യില്‍ കാശ് വീഴുകയെന്നുള്ളതാണ്. മറ്റൊരു സന്തോഷവും ഒരു ഭാഗത്തു നിന്നും എനിക്ക് ആവശ്യമില്ല. ഒറ്റ സന്തോഷമേയുള്ളൂ, അത് കാശായിട്ട് തന്നെ കൈയ്യില്‍ വരണമെന്നതാണ്. ഇപ്പോ കുറച്ചായി കാശിന് നല്ല കടുപിടിത്തമാണ്, ഞാനൊക്കെ നാലഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാരെന്നെ കട്ടോണ്ടു പോയിട്ടുണ്ട്. തന്നിട്ടില്ല, അത് തന്നെയാണ്’-വിനായകന്‍ പറഞ്ഞു.
അരാഷ്ട്രീയതയെയും വിനായകന്‍ വിമര്‍ശിച്ചു. ലോകത്ത് രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണെന്നും ഒരു രാജ്യത്ത് താമസിക്കുമ്‌ബോള്‍ ആ രാജ്യത്തിന്റെ നന്മക്ക് വേണ്ട രാഷ്ട്രീയം എല്ലാവര്‍ക്കും വേണമെന്നും വിനായകന്‍ തുറന്നടിച്ചു. സെല്‍ഫി സ്വയം പുകഴ്ത്തലാണെന്നും അതുകൊണ്ട് സെല്‍ഫി എടുക്കാന്‍ താനാരെയും സമ്മതിക്കാറില്ലെന്നും വിനായകന്‍ പ്രതികരിച്ചു.
സംവിധായകനാവുന്ന സന്തോഷവും വിനായകന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. പാര്‍ട്ടി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുമെന്നും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക താനായിരിക്കുമെന്നും വിനായകന്‍ പറഞ്ഞു.