അഭിനന്ദിക്കാനെത്തിയ മേയറെ ഇറക്കിവിട്ടതെന്തിന്? മര്യാദയില്ലാത്ത സമൂഹം…കാരണം പറഞ്ഞ് വിനായകന്‍
കൊച്ചി: സംസ്ഥാന അവാര്‍ഡ് നേട്ടത്തിന് പിന്നാലെ മേയറെ തന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിനായകന്‍. അന്ന് കൊച്ചി മേയറായിരുന്ന സൗമിനി ജെയിന്‍ വിനായകനെ വീട്ടില്‍ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അവരെ സ്വീകരിക്കാതെ ഇറക്കിവിടുകയായിരുന്നു വിനായകന്‍. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇതിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനായകന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫോണില്‍ മേയര്‍ തന്നെ വിളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫ്‌ളാറ്റിലേക്ക് വരേണ്ടെന്നായിരുന്നു അഭ്യര്‍ത്ഥിച്ചത്. അവര്‍ അത് അവഗണിച്ചാണ് മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ഫ്‌ളാറ്റിലെത്തിയതെന്ന് വിനായകന്‍ പറഞ്ഞു. മേയര്‍ വന്നപ്പോള്‍ താന്‍ വാതില്‍ തുറന്നില്ല. പരിപാടിയുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. ഇതിനെല്ലാം കാരണമുണ്ടെന്നും വിനായകന്‍ പറഞ്ഞു.
ആ സമയം ഭാര്യക്കൊപ്പം നില്‍ക്കാനായിരുന്നു തനിക്ക് താല്‍പര്യം. എട്ട് മാസത്തിന് ശേഷമാണ് ജോലി സ്ഥലത്ത് നിന്ന് ഭാര്യ വീട്ടിലേക്ക് വന്നത്. മേയറുടെ അഭിനന്ദനത്തേക്കാള്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം ചെലവിടുകയായിരുന്നു എനിക്ക് പ്രധാനം. അതുകൊണ്ടാണ് മേയറോട് ഫ്‌ളാറ്റിലേക്ക് വരരുത് എന്ന് ആദ്യമേ പറഞ്ഞത്. പക്ഷേ എന്നിട്ടും അവര്‍ വന്നു. വീടിന്റെ ബെല്ലടിച്ചാല്‍ എങ്ങനെയാണ് തുറക്കുക. മര്യാദയില്ലത്ത സമൂഹമെന്ന് പറയുന്നത് അതാണെന്നും വിനായകന്‍ പറഞ്ഞു.
ഒരു വീട്ടിലേക്ക് കയറി വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയമില്ലെന്നും വിനായകന്‍ വ്യക്തമാക്കി. തന്നെ അഭിനന്ദിക്കാന്‍ വന്നവര്‍ നൂറുരൂപയുടെ തുണിയുമായിട്ടാണ് വന്നത്. അത് താന്‍ പിറ്റേന്ന് തന്നെ വലിച്ചെറിഞ്ഞുവെന്നും താരം പറഞ്ഞു. അവര്‍ അഭിനന്ദിച്ചിട്ട് എനിക്കെന്ത് കിട്ടി? അവര്‍ വന്നത് ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആ നയല്ല ഞാന്‍. എന്നെ അതിന് വിളിക്കേണ്ട.
ആ സംഭവത്തില്‍ തനിക്ക് നേരെ ഹീനമായ ആക്രമണങ്ങളാണ് നടന്നത്. വസ്തുത ആരും പരിശോധിച്ചില്ലെന്നും വിനായകന്‍ പറഞ്ഞു. താന്‍ എന്താണെന്ന് കൃത്യമായി അറിയാം. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നും വിനായകന്‍ വ്യക്തമാക്കി. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനും വിനായകന്‍ മറുപടി നല്‍കി. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന വിവാദത്തിലായിരുന്നു പ്രതികരണം.
രഞ്ജിത്തിന്റെ സിനിമ പഴയ മുത്തുച്ചിപ്പി വാരികയിലെ ഇക്കിളി കഥകള്‍ പോലെയാണെന്നും വിനായകന്‍ പറഞ്ഞു. ലീല എന്ന സിനിമ അത്തരത്തിലുള്ളതാണ്. ഇതിന് എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്ന ലേബല്‍ കൊടുക്കുകയാണ്. ഇവരാണ് സമൂഹത്തിലെ മോശപ്പെട്ടവര്‍.സമൂഹത്തെ നശിപ്പിക്കുന്നത് ഇവരാണെന്നും വിനായകന്‍ പറഞ്ഞു.