കൊച്ചി:സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളിലൊന്നാണ് സൈബര്‍ ബുള്ളീയിംഗ്. വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും ഇതിന്‍റെ ഇരകളായി മാറാറുണ്ട്. അതിന് താരമൂല്യമോ വലിപ്പച്ചെറുപ്പമോ ഒന്നുമില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് മാന്യതയുടെ എല്ലാ അതിരുകളും വിട്ട് എന്തും പറയാമെന്ന് കരുതുന്നവരാണ് ഇതിന് പിന്നില്‍.
ഇപ്പോഴിതാ മോഹന്‍ലാല്‍ പലപ്പോഴും നേരിട്ടിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍ വിനയ് ഫോര്‍ട്ട് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം രാമചന്ദ്ര ബോസ് ആന്‍ഡ് കോയുടെ പ്രൊമോഷന്‍റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
വിനയ് ഫോര്‍ട്ട് പറയുന്നു
ഞാനൊക്കെ അഭിനേതാവാകാനൊക്കെയുള്ള കാരണം.. ഒരുപക്ഷേ എന്‍റെ ആദ്യ സിനിമാ ഓര്‍മ്മ രാജാവിന്‍റെ മകന്‍ ഒക്കെയാണ്. ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നടന്‍, ഇന്ന് മലയാള സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും 95 ശതമാനം പേരും വലിയ രീതിയില്‍ പ്രചോദിപ്പിക്കപ്പെടാന്‍ കാരണമായ ഈയൊരു മഹാനടന്‍ എത്രത്തോളം സുന്ദരനാണെന്ന് എനിക്കറിയില്ല.
26-ാമത്തെ വയസില്‍ സൂപ്പര്‍സ്റ്റാര്‍ ആയ ആള്‍. 30 വയസിന് മുന്‍പ് മറ്റൊരു നടനും ചെയ്യാത്ത തരത്തില്‍ അതിഭീകരമായ സിനിമകള്‍ ചെയ്ത ഒരു നടന്‍. 30 വയസില്‍ തന്നെ ലാലേട്ടനെ കാണാന്‍ 40- 45 വയസ് തോന്നുമായിരുന്നു. ഒരാളും ഇദ്ദേഹത്തിന്‍റെ ശരീരമോ സൌന്ദര്യമോ ഒന്നുമല്ല നോക്കിയത്. അത് ഒരു നടന്‍റെ മികവാണ്.
അതാണ് എന്നെ സംബന്ധിച്ച് മലയാള സിനിമ. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഈ ബോഡി ഷെയ്മിംഗ് ക്രാപ്പ് അല്ല എനിക്ക് മലയാള സിനിമ. ഒരു മഹാനടന്‍ ജീവിച്ച, ജീവിക്കുന്ന ഇന്‍ഡസ്ട്രിയില്‍ ഒരു നല്ല നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഈ ബോഡി ഷെയ്മിംഗ് ഭയങ്കര കോമഡിയാണ്. നിങ്ങള്‍ ഒരാളുടെ വര്‍ക്കിനെയല്ലേ നോക്കേണ്ടത്?
കോടിക്കണക്കിനായ ആളുകള്‍ ജനിക്കുന്നതില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന ഈ മഹാനടന്‍. ഭയങ്കര സുന്ദരന്മാര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു ഇതെങ്കില്‍ ഇദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആവില്ലല്ലോ. അദ്ദേഹം ചെറുപ്രായത്തില്‍ ചെയ്ത സിനിമകള്‍ നിങ്ങളെ പേടിപ്പെടുത്തുന്നതാണ്.
ഞാന്‍ മനസിലാക്കുന്ന മലയാളി പ്രേക്ഷകര്‍ അതാണ്. ഒരാളെ ബോഡി ഷെയ്മിംഗ് ചെയ്യാന്‍ എനിക്ക് എന്ത് അധികാരമുണ്ട്? ഒരു പരസ്പര ബഹുമാനമാണ് ഉണ്ടാവേണ്ടത്. സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്ത ആളുകളുടെ വ്യാജവും സാഡിസ്റ്റിക്കുമായ പ്രവണത ഇല്ലാതെയാവുക എന്നതാണ്.