ലക്‌നോ: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി പരിതാപകരം. കാണ്‍പൂരിലെ ഭദ്രാസില്‍ ഏപ്രില്‍ മാസത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇരുപതില്‍ അധികം പേരാണ്. എന്നാല്‍ ഇവ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ പെട്ടിട്ടില്ല. പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കൊവിഡ് സ്ഥിരീകരിക്കാന്‍ കഴിയാതെ പോകുന്നത്.
എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവ കൊവിഡ് മരങ്ങള്‍ തന്നെയെന്ന് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പറയുന്നു. ആശുപത്രികള്‍ വളരെ കുറവായതും പരിശോധനാ സംവാധാനങ്ങളുടെ അപര്യാപ്തതയും മൂലം ജനങ്ങള്‍ ജീവന്‍രക്ഷിക്കാന്‍ മതപരമായ ആചാരങ്ങളിലേക്ക് തിരിയാന്‍ തുടങ്ങിയിരിക്കുകയാണ്.
ഇറ്റാവ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഗ്രാമങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. വലിയ ആശുപത്രികളിലേക്ക് ഇവര്‍ എത്തുമ്പോഴേക്കും രോഗികളുടെ അവസ്ഥ ഗുരുതരമായിരിക്കും. ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ബി ആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ 100 കിടക്കകളുള്ള കൊവിഡ് വാര്‍ഡിലെ ശുചിമുറി പൂട്ടിയിരിക്കുകയാണ്.
കൊവിഡ് വാര്‍ഡില്‍ ജോലിചെയ്യില്ലെന്ന് ശുചീകരണ തൊഴിലാളികള്‍ അറിയിച്ചതോടെയാണ് ശുചിമുറി പൂട്ടിയത്. അതിനാല്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് ആശുപത്രിയുടെ പുറത്ത് തുറന്ന സ്ഥലങ്ങളിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകളും പാത്രങ്ങളും കഴുകുന്നതിന് ആശുപത്രിയുടെ വെളിയില്‍ ടാപ്പുണ്ട്. ഇതിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തുന്നതെന്ന് ഒരു രോഗിയുടെ ഭാര്യ പറയുന്നു. തങ്ങള്‍ മറ്റ് എവിടെ പോകുമെന്ന് ഇവര്‍ ചോദിക്കുന്നു.
വാര്‍ഡുകളില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. സാമൂഹിക അകലംപാലിക്കല്‍ സ്വപ്നങ്ങളില്‍ മാത്രമാണ്. ആളുകള്‍ വാര്‍ഡുകളുടെ പ്രവേശന കവാടത്തില്‍ പോലും കിടക്കുന്നു. ആര്‍ക്കുവേണമെങ്കിലും വാര്‍ഡുകളിലൂടെ കയറിയിറങ്ങി നടക്കാന്‍ കഴിയും. ഒരു സുരക്ഷയുമില്ല. രോഗികളെ പരിചരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ മാത്രമാണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചിട്ടും ഡോക്ടര്‍മാരേയോ നഴ്‌സുമാരേയോ കാണാന്‍ സാധിച്ചില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ പറയുന്നു. സഹായിക്കാന്‍ ആരുമില്ല. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വയം തുറക്കണം, എങ്ങനെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍. ആശുപത്രിയില്‍ രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണം പോലുമില്ലെന്ന് അമ്മയുമായി ആശുപത്രിയില്‍ എത്തിയ യുവതി പറഞ്ഞു. തന്റെ അമ്മ ബിപി രോഗിയാണ്. പരിശോധിക്കാന്‍ സംവിധാനമൊന്നുമില്ല. അതിനാല്‍ എന്ത് മരുന്ന് നല്‍കുമെന്നുപോലും തീരുമാനിക്കപ്പെട്ടിട്ടില്ല- അവര്‍ പറയുന്നു.
ആശുപത്രികള്‍ അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടുമ്പോഴും 114 വെന്റിലേറ്ററുകള്‍ ഫിറോസാബാദ് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തിലേറെയായി പൊടിപിടിച്ച് കിടക്കുകയാണ്. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് വാങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കിയെങ്കിലും അവയൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല.
ഉത്തര്‍പ്രദേശിന്റെ ഗ്രാമങ്ങളില്‍ ആരോഗ്യ സംവിധാനം തകരാറിലായതോടെ ജനങ്ങള്‍ വൈറസില്‍ നിന്ന് രക്ഷ നേടാനായി മതപരമായ ആചാരങ്ങളിലേക്ക് തിരിയുകയാണ്. മഹാരാജ്ഗഞ്ച് ജില്ലയിലെ ഉള്‍പ്രദേശത്തെ സ്ത്രീകളും പുരുഷന്‍മാരും കൊവിഡിനെ തുരത്തുവാന്‍ മതചടങ്ങളുകളെയാണ് ആശ്രയിക്കുന്നത്. ഒന്‍പത് ദിവസത്തെ പ്രാര്‍ഥനകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളവും പൂക്കളുംനിറച്ച കുടങ്ങളുമായി വയലിലെ ഒഴിഞ്ഞപ്രദേശേക്ക് പോയി രാവിലെയും വൈകുന്നേരവും ഇവര്‍ ദുര്‍ഗാദേവിയോട് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥനകളിലൊന്നും തന്നെ ആരും സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. മാസ്‌കും ധരിക്കാതെയാണ് ഇവര്‍ മതചടങ്ങുകള്‍ നിര്‍വഹിക്കുന്നത്. ഈ പ്രാര്‍ഥനകള്‍ നടത്തിയാല്‍ കൊവിഡ് അപ്രത്യക്ഷമാകുമെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.