ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഓംവതി എന്ന എഴുപതുകാരിയുടെ സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം. സ്ത്രീയുടെ യുക്തിപൂര്‍വ്വമായ ഇടപെടല്‍ നിരവധി ജീവനുകളെയാണ് രക്ഷിച്ചത്. ഇറ്റ ജില്ലയിലെ കുസ്ബ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റെയില്‍വേ പാളങ്ങള്‍ തകര്‍ന്നത് കണ്ടെത്തിയ ഓംവതി എന്ന സ്ത്രീ തന്റെ ചുവന്ന സാരി ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി, ലോക്കോപൈലറ്റിന് അപായ സൂചന നല്‍കി.
ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ചുവപ്പ് നിറമാണ് അപകട സൂചന നല്‍കുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാധ്യതയെക്കുറിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാമെന്ന് കരുതിയാണ് താന്‍ സാരി അഴിച്ച് ട്രാക്കില്‍ കെട്ടിയതെന്നും ഓംവതി പറഞ്ഞു.
പതിവ് പോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് പാളത്തിലെ വലിയ വിള്ളല്‍ കണ്ടത്.ട്രെയിന്‍ വരാന്‍ അധികം സമയമില്ലെന്ന് അവര്‍ക്കറിയാം. അപായസൂചന നല്‍കാന്‍ പറ്റുന്ന എന്തെങ്കിലും ഉണ്ടോ എന്നവര്‍ ചുറ്റും നോക്കി. ഒന്നും കണ്ടെത്തിയില്ല. ഒടുവില്‍ ചുറ്റിയിരുന്ന ചുവന്ന സാരി അഴിച്ച് ട്രാക്കുകള്‍ക്കിരുവശം കെട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, സമീപത്തെ മരത്തിന്റെ കമ്പുകള്‍ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തി നിര്‍ത്തി അതില്‍ അവരുടെ ചുവന്ന സാരി അവര്‍ കെട്ടി.
നോക്കി നില്‍ക്കുന്ന സമയം കൊണ്ട് ട്രെയിന്‍ പാഞ്ഞെത്തി. ഇറ്റയില്‍ നിന്ന് തുണ്ട്ലയിലേക്ക് പോകുന്ന ഒരു പാസഞ്ചര്‍ ട്രെയിനായിരുന്നു അത്. എന്നാല്‍, പാളങ്ങള്‍ക്ക് കുറുകെയായി ചുവന്ന നിറത്തിലുള്ള തുണി കണ്ട് അപകടം മനസ്സിലാക്കിയ ലോക്കോപൈലറ്റ് ബ്രേക്ക് ചവിട്ടി. അങ്ങനെ ഒരു വലിയ ദുരന്തം ഒഴിവായി. പിന്നീട് പാളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ട പാസഞ്ചര്‍ ട്രെയിനിന്റെ ഡ്രൈവര്‍ തന്റെ സീനിയര്‍മാരെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി ട്രാക്കുകള്‍ നന്നാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂര്‍ കഴിഞ്ഞ് ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു.