പഠനത്തിനായി പണം ചെലവഴിച്ചു; പ്രതിമാസം ഭര്‍ത്താവിന് 3000 രൂപ ജീവനാംശം നല്‍കണമെന്ന് ഭാര്യയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. കീഴ്കോടതിയുടെ വിധി ശരിവെച്ചാണ് പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി തള്ളുകയും ചെയ്തു.

മുന്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം അയ്യായിരം രൂപ ശമ്പളത്തില്‍ നിന്ന് കിഴിച്ച് കോടതിയില്‍ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1992ല്‍ വിവാഹിതരായ ദമ്പതികള്‍ പിന്നീട് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2015 ല്‍ പ്രാദേശിക കോടതി വിവാഹമോചനം അനുവദിച്ചു. എന്നാല്‍ തന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ലെന്നും ഭാര്യക്ക് ജോലിയുണ്ടെന്നും ഇത് കണക്കിലെടുത്ത് ഭാര്യയോട് പ്രതിമാസം 15,000 രൂപ എന്ന നിരക്കില്‍ സ്ഥിരം ജീവനാംശം നല്‍കണമെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് നന്ദേഡിലെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് അപൂര്‍വ്വമായ ഉത്തരവിലേക്ക് കോടതിയെത്തിയത്.

തനിക്ക് ജോലിയില്ലെന്നും ഭാര്യയുടെ വിദ്യാഭ്യാസത്തിന് താന്‍ ഒരുപാട് പണം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. ഭാര്യയെ പഠിപ്പിക്കുന്നതിനായി തന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ച് വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ആരോഗ്യനില മോശമാണെന്നും ഭാര്യ പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

വാദം കേട്ട വിചാരണക്കോടതി 2017ല്‍ യുവതി ഭര്‍ത്താവിന് ജീവനാംശമായി 3000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ യുവതി മുന്‍ ഭര്‍ത്താവിന് പണം നല്‍കിയില്ലെന്ന് പരാതി വന്നതോടെ 2019 ല്‍ കോടതി മറ്റൊരു ഉത്തരവ് നല്‍കി. അതില്‍ അപേക്ഷിച്ച തീയതി മുതല്‍ തീര്‍പ്പാക്കല്‍ വരെ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതിയുടെ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, നിരാലംബരായ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ജീവനാംശം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ഉദ്ധരിച്ച് കോടതി യുവതിയുടെ അപേക്ഷ തള്ളുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News