1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

കടുത്തുരുത്തി: വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്നപേരില്‍ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഞീഴൂര്‍ വില്ലേജ് ഓഫിസര്‍ ജോര്‍ജ് ജോണ്‍ (52) ആണ് അറസ്റ്റിലായത്. കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന റജിസ്‌ട്രേഷന്‍ നടത്താന്‍ പാലാ ആര്‍ഡിഒ ഓഫിസില്‍ അപേക്ഷ കൊടുത്തിരുന്നു.

പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫിസില്‍ സമര്‍പ്പിക്കാന്‍ കൈക്കൂലിയായി 1300 രൂപ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസിലെ വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്ന പേരിലാണു പണം ആവശ്യപ്പെട്ടത്.

കോട്ടയം വിജിലന്‍സ് ഓഫിസില്‍ പരാതി നല്‍കിയതോടെ കിഴക്കന്‍ മേഖലാ വിജിലന്‍സ് എസ്പി വി.ജി.വിനോദ്കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി രവികുമാറും സംഘവുമാണു പ്രതിയെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വിജിലന്‍സ് ഏല്‍പിച്ച പണം പരാതിക്കാരനില്‍ നിന്നു വില്ലേജ് ഓഫിസര്‍ വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, എസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, വി.എം.ജയ്‌മോന്‍, കെ.പ്രദീപ്കുമാര്‍, കെ.സി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News