കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. ഭൂമി പോക്കുവരവിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം ജില്ലയിൽ വിജിലൻസ് നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
ആനിക്കാട് സ്വദേശി എബ്രഹാം ജോൺ ആണ് ജേക്കബ് തോമസിനെതിരെ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പട്ടയം ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നിലേറെ തവണ വില്ലേജ് ഓഫീസിൽ ചെന്നിട്ടും ഇത് ചെയ്തു കൊടുക്കാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല.
15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പരാതിക്കാരൻ 15,000 രൂപയുമായി വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസർ ജേക്കബ് തോമസിന് ഈ തുക കൈമാറി.
ഓഫീസിന് സമീപം പതിയിരുന്ന വിജിലൻസ് സംഘം തൊട്ടു പിന്നാലെ ജേക്കബ് തോമസിനെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ ജേക്കബ് തോമസിനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയിരുന്നു. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് പിടിയിലായത്. എരമല്ലൂർ കെട്ടിടത്തിന് നമ്പർ നൽകാനാണ് കൈകൂലി മണിയപ്പന്‍ ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കെട്ടിട ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങവേയാണ് പഞ്ചായത് സെക്രട്ടറിയെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.
ചെമ്മാട് അമ്പലത്തിന് മുന്നിൽ വെച്ചാണ് മണിയപ്പനെ പിടികൂടിയത്. നടുറോഡിൽ നാട്ടുകാരുടെ മുന്നിൽ വെച്ചാണ് പഞ്ചായത്ത് സെക്രട്ടറിയെ തൊണ്ടിസഹിതം കൈക്കൂലി വാങ്ങുന്നതിനിടെ പൊക്കിയത്. അടുത്ത വർഷം സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ മണിയപ്പന്‍ പിടിയിലായത്.