തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. കന്റോണ്‍മെന്റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്.
നഗരത്തില്‍ വെച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. തന്റെ സ്വകാര്യ വാഹനത്തിലാണ് എസ്എച്ച്ഒ വന്നത്. ഇന്നലെ മുതല്‍ മെഡിക്കല്‍ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തില്‍ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ഇതിനുപിന്നാലെ പിഎംജിയില്‍ വെച്ച് വീണ്ടും മറ്റൊരു വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


