ബാങ്ക് വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്
ചെന്നൈ: അഞ്ചുകോടി രൂപയുടെ ബാങ്ക് വായ്പ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനുവെച്ചത്.
സ്വത്തുക്കള്‍ ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളേജും വടപളനിയിലെ വീടും സ്ഥലവുമാണ് ലേലം ചെയ്യുന്നതെന്ന് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നു. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി.
ആണ്ടാള്‍ അളഗര്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ് രൂപീകരിച്ച് 20 കൊല്ലം മുമ്പാണ് വിജയകാന്ത് കോളേജ് ആരംഭിച്ചത്. എഞ്ചിനീയറിംങ് കോളേജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനാണ് അഞ്ച് കോടിയുടെ ബാങ്ക് വായ്പ എടുത്തത്. ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയുടെ ഓരത്താണ് ജപ്തിഭീഷണിയിലായ എഞ്ചിനീയറിംങ് കോളജ്.