Home-bannerKeralaNewsRECENT POSTSTop Stories

ഒടുവില്‍ വിജയരാജമല്ലികയുടെ വസന്തസേനന്‍ എത്തി; വിവാഹം ലളിതമായ ചടങ്ങുകളോടെ

കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ ട്രാന്‍സ് വുമണ്‍ വിജയരാജമല്ലിക എഴുത്തുകളിലും പറച്ചിലുകളിലും വിവരിച്ചിരുന്ന ആ സ്വപ്ന പങ്കാളി വസന്തസേനനെ സ്വന്തമാക്കി. ജാസ് ജാഷിം എന്ന തന്റെ വസന്തസേനനെ വിവാഹം കഴിച്ചപ്പോള്‍ വിജയരാജമല്ലികക്ക് ഇത് പ്രണയസാഫല്യം മാത്രമല്ല, ജന്മസാഫല്യം കൂടിയാണ്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ തരണം ചെയ്തുകൊണ്ട് ജാസ് ജാഷിമിനൊപ്പം ജീവിക്കാന്‍ ഒരുങ്ങുന്ന കാര്യം വിജയരാജമല്ലികതന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഫ്രീലാന്‍സ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ജാസ് ജാഷിം. തൃശൂര്‍ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ പരിസരത്ത് വെച്ചാണ് നാളെയാണ് വിവാഹ സല്‍ക്കാരം.

2018 ഓഗസ്റ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. പീന്നീട് പ്രണയത്തിലാവുകയായിരുന്നു. താന്‍ ഒരു കവിയാണെന്നോ, സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നോ ജാഷിമിന് തുടക്കത്തില്‍ അറിയില്ലായിരുന്നുവെന്നും വിജയരാജമല്ലിക പറയുന്നു. പിന്നീട് കവിസുഹൃത്തുക്കള്‍ പറഞ്ഞാണ് ജാഷിം തന്നെക്കുറിച്ച് കൂടുതലായറിയുന്നത്. തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് ജാസിം തന്നെ പ്രണയിക്കുകയായിരുന്നെന്നും മല്ലിക പറയുന്നു. താനാണ് വിജയരാജമല്ലികയുടെ വസന്തസേനന്‍ എന്ന് ജാസ് ജാഷിം ഇതിനുമുന്‍പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു.

വിജയരാജമല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്

ഞങ്ങള്‍ ഹൃദയംകൊണ്ട് ഒന്നായവര്‍. ഞങ്ങളുടെ ചിറകില്‍ പൂര്‍ണ വിശ്വാസമുള്ളവര്‍. എനിക്ക് ഇത് വെറും പ്രണയസാഫല്യമല്ല. പക്ഷെ ജന്മസാഫല്യം. ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. ഒരു വസന്തസേനന്‍ വരുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു. ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം. ജീവിതത്തിലേക്ക് കൈപിടിച്ച് കൂടെ നിര്‍ത്താന്‍ ഒരാള്‍. എന്റെ വസന്തസേനനെപറ്റി ഞാനേറെപറയണ്ടല്ലോ. എല്ലാം നിങ്ങള്‍ക്കറിയാം. വിവാഹം വേണമെന്ന് മനസ്സില്‍ ഉറപ്പിച്ചനാള്‍ മുതലേ ഉള്ള ആഗ്രഹമായിരുന്നു കൂടെ കൂട്ടാന്‍ ഒരു ചങ്കുറപ്പുള്ള മനുഷ്യന്. പലപ്പോഴും പലരും ചോദിച്ചു, ഞങ്ങള്‍ എങ്ങനെ കണ്ടുമുട്ടി, എങ്ങനെ അടുത്ത് എന്നൊക്കെ .

2018 ഓഗസ്റ്റില്‍ തമ്മില്‍ കണ്ടു. കാണുമ്പോള്‍ ഉള്ളില്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ഒരു കരുതല്‍, സ്നേഹം ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു .പിന്നീട് തമ്മില്‍ അടുക്കാന്‍ കാലമായിട്ടുത്തന്നെ ധാരാളം സാഹചര്യങ്ങള്‍ ഉണ്ടാക്കി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഞാന്‍ ഒരു കവിയാണെന്നോ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നോ അറിവില്ലായിരുന്നു. എന്റെ കവിസുഹൃത്തുകളില്‍ ഒരാള്‍ എന്റെ പേര് എടുത്തു വിളിക്കുന്നത് കേട്ടപ്പോഴാണ് എന്റെ പേര് പോലും മനസ്സിലാക്കുന്നത്. പിന്നീട് ഇന്റര്‍നെറ്റില്‍ പേരിനെ പറ്റി കൂടുതല്‍ അന്വേഷിച്ചത്രേ. വൈകാതെ സാഹിത്യ അക്കാദമിയിലെ മറ്റൊരുപൊതുപരിപാടിയില്‍ വെച്ചും കണ്ടു. പക്ഷെ ഇത് എന്റെ വസന്തസേനനാണ് എന്നപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കരകള്‍ ഒന്നാകുന്ന പോലെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.

പിന്നീട് ഒരുപാട് യാത്രകള്‍… ഒരുമിച്ചായി. അച്ഛന്റെ മരണസമയത് എനിക്ക് താങ്ങും തണലുമായി ആ കൈകള്‍ വളരുന്നുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ഞാന്‍ ഒറ്റയ്ക്കല്ല എന്നെന്നെ പലപ്പോഴും മനസ്സിലാക്കിനല്‍കിയത് ഇദ്ദേഹമായിരുന്നു. പാലക്കാടെക്കുള്ള ഒരു യാത്രയില്‍ എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ഐ ടി ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നതും ആ സമയമായിരുന്നു. ആ ഫോണ്‍ കാള്‍ അറ്റന്‍ഡ് ചെയ്തത് ജാഷിമായിരുന്നു. മല്ലിക അല്പം തിരക്കാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയുകയും ചെയ്തു. ആനവണ്ടിയുടെ ജനലിലൂടെ ഒരു കാറ്റ് ഓടിവന്നെന്റെ തലമുടിയാകെ ഊരി ഉലച്ച നേരം …’ഇനി മല്ലിക വിവാഹം ഒന്നും വേറെ ആലോചിക്കണ്ട …ഞാന്‍ മല്ലികയെ വിവാഹം കഴിച്ചോളാം …എന്നെ ഇഷ്ടമാണോ …പക്ഷെ എനിക്ക് രണ്ട് വര്‍ഷത്തെ സമയം നല്‍കണം. ഞാന്‍ ഇപ്പോള്‍ ഒരു ഫ്രീ ലാന്‍സറാണ് ‘.എനിക്കെന്തോ ആദ്യം ഒരു തമാശയായി തോന്നി. കാരണം ഞങ്ങളുടെ വ്യത്യസ്തതകള്‍തന്നെയായിരുന്നു .

പ്രായം, മതം വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, സാമ്പത്തിക അവസ്ഥകള്‍, ജന്‍ഡര്‍ എന്നീവയെപറ്റി ഓര്‍ത്ത് ഞാന്‍ വല്ലാതെ വാചാലയായി .എന്തോ എന്നെ വിവാഹം ചെയ്യുമ്പോള്‍ ജാഷിമിന്റെ സോഷ്യല്‍ സ്പേസ് നഷ്ടപ്പെട്ടുപോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു ,ഞാന്‍ മല്ലികയെ വിവാഹം കഴിക്കുന്നത് മതം മാറ്റുവാനോ ‘എനിക്ക്മതം മാറുവാനോ അല്ല. ഞാന്‍ സ്നേഹിച്ചത് മല്ലികയുടെ വ്യക്തിത്വത്തെയാണ്’. പ്രതികൂല സാഹചര്യങ്ങളിലൂടെ സ്വന്തം വഴികള്‍ തന്നെ വെട്ടി നടന്നതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചു ഞാന്‍ ഏറെ അദ്ദേഹത്തെ മനസ്സിലാക്കി. പുഴയില്‍ കടല്‍ ചിറകടിക്കുന്ന നിര്‍വൃതിപോലെ ജാഷിമെന്നിലേക്ക് നിറയുന്നത് ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. സത്യമാണ് ഞാന്‍ വസന്തസേനന്‍ എന്നുപേരുള്ള ഒരാളെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു .ജീവിതത്തിലേക്ക് ഒരാള്‍ വന്നില്ല എങ്കില്‍ , ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായി ,അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടത്തെ പൗരത്വം സ്വീകരിച്ചു അവിടെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.

ആ ഇടെയാണ് ഞാനും ജാഷിമും തമ്മിലുള്ള സൗഹൃദം പ്രണയമായി പൂക്കുന്നത്. എന്നെ വീട്ടില്‍ വന്നു വനിതാ പോലീസ് സ്റ്റഷനിലെ ജോയ്ലിക്ക് കൊണ്ടുപോകുമായിരുന്നു. തിരിച്ചു അവിടെ നിന്ന് വീട്ടിലേക്കും കൊണ്ടുപോകുമായിരുന്നു. ചിലപ്പോള്‍ കാപ്പി കുടിക്കാന്‍ പൂങ്കുന്നത്തെ പുതിയതായി ആരംഭിച്ച കഫെയില്‍ പോകും ചിലപ്പോള്‍ ഇതുവരെ സിനിമ കാണാത്ത എന്നെകൊണ്ടുപോയി കാണിക്കും. ആനവണ്ടിയില്‍ നിന്നും ഞങ്ങളുടെ യാത്രകള്‍ ഇരുചക്ര വാഹനത്തിലേക്കായി. വര്ഷങ്ങള്ക്കു മുമ്പേ വേണ്ടെന്ന് വെച്ച ട്രെയിന്‍ യാത്രകള്‍ പുനരാരംഭിച്ചു. സമൂഹവും കുടംബവും മത്സരിച്ചുനല്‍കിയ മുറിവുകള്‍ പക്ഷെ പിന്നെ പിന്നെ എന്നെ വേദനിപ്പിക്കാതെയായി.

എന്നാല്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ആരോ ഒരാള്‍ക്ക് ഞങ്ങളുടെ ബന്ധം എന്തോ അത്ര ദഹിച്ചില്ല. ഞങ്ങളുടെ സംഗമങ്ങള്‍ എല്ലാം നിറം ചേര്‍ത്തവര്‍ ജാഷിമിന്റെ വീട്ടിലേക്ക് എത്തിച്ചു. പലക്കുറിയായപ്പോള്‍ കുടുംബം ജാഷിമിനെ വിലക്കി. ഞാന്‍ ഒരു ഹിജഡയാണെന്നും ജാഷിമിനെ ഞാന്‍ പ്രേഷറൈസ് ചെയ്ത് എന്റെ കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും എന്റെ ശാരീരികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും സാമ്പത്തികമായ ലാഭത്തിനും വേണ്ടിയാണ് എന്നും അവരോട് ആരെക്കെയോ പറഞ്ഞു പഠിപ്പിച്ചു. എന്നാല്‍ ഇതെല്ലം ഇങ്ങനെയൊക്കെ വീട്ടുകാര്‍ പറയുന്നു എന്ന വിവരം ജാഷിം എന്നെ അറിയിച്ചപ്പോള്‍ എങ്കില്‍ പിന്നെ ഉമ്മയും കുടുംബവും പറയുന്നപോലെ ജീവിക്കു എന്ന് ഞാന്‍ പലകുറി പറഞ്ഞുനോക്കി .പക്ഷെ ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു.

രണ്ടുവര്‍ഷം കഴിഞ്ഞു ഞാന്‍ മല്ലികയെ വിവാഹം കഴിക്കും എന്ന് പറഞ്ഞു പ്രിയന്‍ എന്നെ മാറോട് ചേര്‍ത്ത് നിര്‍ത്തി പൊട്ടിക്കരയുകയായിരുന്നു .പലരും ചോദിച്ചിട്ടും ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോപോലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ വേണ്ടപെട്ടവര്‍ക്കോ ഞാന്‍ നിമിത്തം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു .സ്വന്തം ജീവിതം തീരുമാനിച്ചു തിരഞ്ഞെടുത്തതിന് കുടുംബവും സമൂഹവും ഏല്പിച്ച മാരക മുറിവുകള്‍ ഇതുവരെ ഉണങ്ങാത്ത ഒരു വ്യക്തിയാണ് ഞാന്‍.

പിന്നെ പിന്നെ ഞങ്ങളുടെ സംഗമങ്ങള്‍ വിരളമാകാന്‍ ഞാന്‍ ശ്രമിച്ചു .കാണാതെ ഇരുന്നു പലപ്പോഴും ….പക്ഷെ കാണാതെ ഇരിക്കാന്‍ വയ്യാതെയായി. അപ്പോഴും എന്റെ കവിതകള്‍ പല പ്രസിദ്ധീകരണങ്ങളിലും മലയാളികള്‍ ആഘോഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ ആണ്‍നദിയുടെ പ്രകാശനമായി. അന്നുണ്ടായതൊക്കെ ജാഷിം എഴുതിരുന്നല്ലോ .എഴുതിയതിലും ഭീകരമായി ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ അതൊക്കെ പൊറുക്കുന്നു .

ചിലതുകൂടി ഓര്‍മ്മിപ്പിക്കാനുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ചിറകില്‍ നല്ല വിശ്വാസമുണ്ട്.ജോലി ചെയ്തും അദ്വാനിച്ചുമേ ജീവിക്കു എന്നും തീരുമാനിച്ചുറപ്പിച്ചവരാണ്. വര്‍ഗീയവാദികളോട് പറയട്ടെ-,ഞങ്ങള്‍ മതം മാറുന്നില്ല. ഒരു മതത്തെയും നിന്ദിക്കുന്നുമില്ല. എല്ലാവരോടും ഞങ്ങള്‍ക്ക് സ്നേഹംമാത്രം. ഇത് വിവാഹം വരെ കൊണ്ടെത്തിച്ചു എല്ലാവരോടും നന്ദിയുണ്ട്. ഇടയ്ക്ക് ബാംഗ്ലൂര്‍ യു ടി സി യില്‍ ചേര്‍ന്ന് തിയോളജിപഠിക്കാന്‍ പോകാനിരുന്ന എന്നെ കല്യാണപെണ്ണോളം ഒരുക്കി എത്തിച്ചത് ഞങ്ങളുടെ ജീവിതത്തിലേക്ക് മണ്ണ് വാരി എറിഞ്ഞവര്‍ തന്നെയാണ്. അവരോട് ഹൃദയം നിറഞ്ഞ നന്ദി.

ആരെക്കെയോ ഫോണ്‍ വിളിക്കുന്നുണ്ട്, ഐക്യദാര്‍ഢ്യം അറിയിക്കുന്നുണ്ട്. കൂടെ ഉണ്ടാകണം. എന്നെ പ്രണയിച്ചത്തിനു ജാഷിമിനെ കുറ്റപ്പെടുത്തരുത്. ഞാന്‍ പ്രസവിക്കില്ല എന്നറിയുന്ന ആള്‍ തന്നെയാണ് ജാഷിം. ഞങ്ങള്‍ക്കുറപ്പുണ്ട് ഞങ്ങള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളര്‍ത്താനും ,പരിപാലിക്കാനും സമൂഹത്തില്‍ നല്ല മനുഷ്യരായി വളര്‍ത്താനും ഈ പ്രകൃതി അവസരം നല്കുമെന്ന്.

ജാഷിമോ ഞാനോ കുടുംബത്തെയോ വളര്‍ത്തി ആളാക്കിയവരെയോ മറന്നിട്ടില്ല.മറക്കാന്‍ ഞങ്ങള്‍ക്ക് ആകുകയുമില്ല. ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയില്ല എങ്കിലും സാരമില്ല വെറുക്കരുത്.

നാളെ ഞങ്ങളുടെ വിവാഹ സത്കാരമാണ്. തൃശൂര്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസര കേന്ദ്രമാണ് വേദി. ചടങ്ങുകള്‍ ഒന്നുമില്ല. കൂടെ നിന്ന എല്ലാ സഖാക്കള്‍ക്കും കൂട്ടുകാര്‍ക്കും നന്ദി.പരിമിതികള്‍ ഏറെയുണ്ട്. എത്തിച്ചേരാന്‍ ആകാത്തവര്‍ നിങ്ങളുടെ ഓര്‍മകളില്‍ ഞങ്ങളെ കൂടി കൂട്ടിച്ചേര്‍ക്കണം. നിങ്ങളുടെ വസന്തസേനനും പ്രണയമല്ലികയും നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കിടയില്‍ത്തന്നെ ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നു .

പിന്നെ ഒന്നുകൂടി -നോട്ടങ്ങള്‍കൊണ്ടെന്നെ തോല്‍പിക്കാന്‍ ശ്രമിച്ചവരെ …ജീവിതം നേടിയവയവള്‍ .പ്രണയിച്ച മനുഷ്യനെ സ്വന്തമാക്കിയവള്‍ ….
വസന്തസേനന്റെ പ്രണയരാജമല്ലിക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker