ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കായ 800 എന്ന സിനിമയില്‍ നിന്നു നടന്‍ വിജയ് സേതുപതി പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ പ്രതിനിധി യുവരാജാണ് ഇക്കാര്യം ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയത്.
ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
‘വിജയ് സേതുപതി ചില ആളുകളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദം നേരിടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്നെ തെറ്റിദ്ധരിച്ചതു മൂലം അദ്ദേഹത്തെ പോലെ ഒരു പ്രശസ്ത് നടന്‍ പ്രശ്നങ്ങളില്‍ അകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ ബയോപിക്കില്‍ നിന്നു പിന്‍മാറാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു,’ മുത്തയ്യ മുരളീധരന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് സിനിമയ്ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം. ഒരു തമിഴന്‍ എന്ന നിലയില്‍ വിജയ് സേതുപതി ഈ കഥാപാത്രം ചെയ്യരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പറ്റി ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നാണ് ചിലര്‍ ചോദിച്ചത്.