‘അമ്മ മാത്രം ഉള്ളിലേക്ക് വന്നാൽ മതിയെന്ന് വിജയ്; ഗേറ്റിന് മുന്നിൽ പിതാവിനെ നടൻ തടഞ്ഞു’വെളിപ്പെടുത്തല്‍
ചെന്നൈ:ജീവിതത്തിലെ സുപ്രധാന ഘട്ടത്തിലൂടെയാണ് നടൻ വിജയ് കടന്ന് പോകുന്നത്. വർഷങ്ങൾ നീണ്ട സിനിമാ കരിയറിനൊടുവിൽ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇളയ ദളപതിയായി സിനിമാ ലോകം വാഴ്ത്തിയ വിജയ്ക്ക് രാഷ്ട്രീയത്തിൽ തിളങ്ങാൻ പറ്റുമോ എന്ന ചോദ്യം പലർക്കുമുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ വിജയ് നേരിടാൻ പോകുന്ന വെല്ലുവിളികൾ ഏറെയാണ്. അടുത്ത കാലത്തൊന്നും ഒരു തമിഴ് സൂപ്പർതാരം രാഷ്ട്രീയ നേതാവായി മാറിയിട്ടില്ല.
അതേസമയം പുതിയ നീക്കത്തിൽ നടന്റെ ആരാധക വൃന്ദം വലിയ പിന്തുണയുമായി ഒപ്പമുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വിജയുടെ വ്യക്തി ജീവിതം തമിഴ് മാധ്യമങ്ങളിലെ സജീവ ചർച്ചാ വിഷയമാണ്. ഭാര്യ സംഗീതയുമായി വേർപിരിയുന്നെന്ന വാർത്തകൾ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. താരകുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിന് പുറമെ പിതാവ് എസ്എ ചന്ദ്രശേഖറുമായുള്ള അകൽച്ചയാണ് മറ്റൊരു ചർച്ചാ വിഷയം. വിജയും പിതാവും തമ്മിൽ സ്വര ചേർച്ചയില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്.
കരിയറിൽ കൈ പിടിച്ച് നടത്തിയ പിതാവിനെക്കുറിച്ച് പൊതുവേദികളിലൊന്നും നടനിപ്പോൾ സംസാരിക്കാറില്ല. വിജയുടെ രാഷ്ട്രീയ പ്രവേശനം എസ്എ ചന്ദ്രശേഖറും ആഗ്രഹിച്ചതാണ്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിലൊന്നും മുന്നിൽ നിൽക്കാൻ പിതാവില്ല. മുമ്പൊരിക്കൽ വിജയുടെ പേരിൽ പിതാവ് ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്ന് ഇതിനെതിരെ വിജയ് കേസ് കൊടുക്കുകയാണുണ്ടായത്. എന്താണ് ഇരുവർക്കും ഇടയിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് കൃത്യമായ വിവരം ഇല്ല.
വെറും ഗോസിപ്പ് മാത്രമാണെങ്കിൽ അഭ്യൂഹങ്ങളിൽ ഇതിനകം വിജയ് വ്യക്തത വരുത്തേണ്ടതാണ്. കാരണം തമിഴകത്തെ രാഷ്ട്രീയത്തെ സംബന്ധിച്ച് ഇത്തരം ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഗോസിപ്പുകളെ പ്രതിരോധിക്കാൻ വിജയും പിതാവും ഒപ്പമുള്ള ഒരു ഫോട്ടോ പോലും നടന്റെ ആരാധകർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വിജയ്നെയും പിതാവിനെയും കുറിച്ച് പ്രമുഖ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയ്ക്ക് പിതാവിനോടുള്ള നീരസം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
അവർ തമ്മിൽ ഇപ്പോഴും അകൽച്ചയിലാണ്. എന്താണ് അവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. അടുത്തിടെ എസ്എ ചന്ദ്രശേഖറുടെയും ഭാര്യ ശോഭയുടെയും വിവാഹവാർഷിക ദിനമായിരുന്നു. വിജയ് വീട്ടിൽ എത്തിയെങ്കിലും അമ്മയ്ക്കൊപ്പമുള്ള ഫോട്ടോകൾ മാത്രമാണ് പുറത്ത് വന്നത്. കൊറോണയ്ക്ക് മുമ്പ് എസ്എ ചന്ദ്രശേഖറും ശോഭയും വിജയുടെ വീട്ടിലേക്ക് വന്നു. പേരക്കുട്ടികളെ കാണാൻ വന്നതായിരുന്നു.
വീടിന് മുന്നിൽ നിൽക്കവെ സാറിനോട് ചോദിച്ചിട്ട് വരാം എന്ന് സെക്യൂരിറ്റി പറഞ്ഞു. അമ്മയെ മാത്രം ഉള്ളിലേക്ക് വിടാനാണ് വിജയ് സെക്യൂരിറ്റിയോട് നിർദ്ദേശിച്ചത്. എന്റെ ഭർത്താവിന് കയറാൻ പറ്റാത്തിടത്ത് ഞാനെന്തിന് വരണം, വണ്ടിയെടുക്ക് എന്ന് ശോഭ ചന്ദ്രശേഖർ പറഞ്ഞു. ഗേറ്റിന് മുന്നിൽ വെച്ച് വിജയുടെ അച്ഛനും അമ്മയും തിരിച്ച് പോയെന്നും ചെയ്യാറു ബാലു പറയുന്നു.
വിജയുടെ കരിയറിലെ ഇന്നത്തെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് പിതാവ് എസ്എ ചന്ദ്രശേഖറാണ്. തുടക്ക കാലത്ത് നടനെ വെച്ച് സിനിമ ചെയ്ത ഇദ്ദേഹം പല സംവിധായകർക്കും മകനെ പരിചയപ്പെടുത്തി അവസരങ്ങൾ നൽകുകയും ചെയ്തു. പിന്നീട് ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നാണ് ഏവരുടെയും ചോദ്യം.
പൊതുവെ അന്തർമുഖനായ വിജയ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. അഭ്യൂഹങ്ങൾ കടുക്കുന്നതിന് ഒരു കാരണമാണെന്ന വാദം ആരാധകർക്കുണ്ട്. ലിയോയാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്.