തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്‍റെ പരാതിയിലാണ് വിജയ് പി നായര്‍ അറസ്റ്റിലായത്. ഐടി ആക്ടിലെ 67, 67 (a) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റുണ്ടാവില്ല.
വിജയ് പി നായരെ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്‍ജ് മുറിയിലെത്തിച്ച് പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനൽ പൂട്ടി. ഇന്ന് രാവിലെയോടെയാണ് വിജയ് പി നായരുടെ ചാനൽ യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായത്. ചാനൽ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നൽകിയതിന് പിന്നാലെയാണിത്. പരാതിക്കിടയായ അധിക്ഷേപ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകൾ ഇതിലുണ്ടായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ഇവ നേരത്തെ തന്നെ പൊലീസ് എടുത്തു വെച്ചിരുന്നു.