News

വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടു; രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് വിജയിയുടെ പിതാവ്

ചെന്നൈ: നടന്‍ വിജയിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍. മദ്രാസ് ഹൈക്കോടതിയിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്. വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടുവെന്നാണ് ചന്ദ്രശേഖര്‍ പറഞ്ഞത്. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചിരുന്നു.

മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവരുള്‍പ്പടെയുള്ള പതിനൊന്നു പേര്‍ ചേര്‍ന്ന് തന്റെ പേരിലോ തന്റെ ഫാന്‍സ് ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നതും തടയണമെന്നായിരുന്നു വിജയ് പറഞ്ഞിരുന്നത്.

2020 ല്‍ വിജയിയുടെ പേരില്‍ പിതാവ് ഒരു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ മകന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തെ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ദളപതി വിജയ് മക്കള്‍ ഇയക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചേരരുതെന്ന് വിജയ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകര്‍ക്ക് വിജയ് അനുമതി നല്‍കി. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രവും കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനും മത്സരിക്കാനും ആണ് വിജയ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് വേണം മത്സരിക്കാനെന്നും വിജയ് ആരാധകരോട് പറഞ്ഞിട്ടുണ്ട്. സ്വതന്ത്രരായിട്ടായിരിക്കും ആരാധകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button