ചെന്നൈ: ദ്രാവിഡ പാര്‍ട്ടികള്‍ അരങ്ങു വാഴുന്ന തമിഴകത്ത് അതേ രാഷ്ട്രീയം പറഞ്ഞ വിജയ്ക്ക് ‘ഐഡിയയും ഇല്ല ഐഡിയോളജിയും ഇല്ല’ എന്നു പറഞ്ഞാണ് ആദ്യം മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പരിഹസിച്ചത്. ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും രാഷ്ട്രീയ ആചാര്യമാരായി കാണുന്ന പെരിയാറിനെയും അണ്ണാദുരൈയെയുമൊക്കെ ഒപ്പം ചേര്‍ത്താണു നടനും ടിവികെ എന്ന പാര്‍ട്ടിയെ അവതരിപ്പിച്ചത്.
വിക്രവാണ്ടിയിലും മധുരയിലും അദ്ദേഹം വിളിച്ചു ചേര്‍ത്ത സംസ്ഥാന സമ്മേളനങ്ങളിലെത്തിയ ജനക്കൂട്ടം അക്ഷരാര്‍ഥത്തില്‍ മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചു. മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളില്‍ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ചിരുന്നു. തന്റെ ഓരോ വാക്കുകള്‍ക്കും കയ്യടി ഉറപ്പാക്കും വിധം സിനിമാ സ്‌റ്റൈല്‍ ഡയലോഗുകള്‍ പ്രസംഗത്തില്‍ ഉടനീളം മാലപോലെ ചേര്‍ത്തു കെട്ടിയാണ് അവതരിപ്പിച്ചത്. നോക്കി വായിക്കുമ്പോഴും വാക്കുകളില്‍ അദ്ദേഹം തീ പറത്തി.
ആദ്യമൊക്കെ സിനിമാക്കാരന്റെ ആഘോഷക്കൂട്ടം പോലെ ഈ സംഘത്തെ മറ്റു രാഷ്ട്രീയ കക്ഷികള്‍ ചിരിച്ചു തള്ളിയെങ്കിലും ജില്ലാതല രാഷ്ട്രീയ പര്യടനങ്ങള്‍ കണക്കുകൂട്ടലുകളെ കടപുഴക്കി. അതുവരെ വിജയ്യെ അവഗണിച്ചിരുന്ന ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്‍ ഒളിയമ്പുകളുമായി രംഗത്തെത്തി. പഴയതും പുതിയതുമായ ശത്രുക്കള്‍ ഡിഎംകെയ്ക്കു വിഷയമല്ലെന്നു പറഞ്ഞു. ഇതിനെതിരെ വിജയ്യും തിരിച്ചടിച്ചു.
കടുത്ത നിബന്ധനകളോടെ മാത്രമാണു വിജയ്യുടെ സമ്മേളനങ്ങള്‍ക്കു പൊലീസ് അനുമതി നല്‍കുന്നത്. ഇതിനു പിന്നില്‍ ഡിഎംകെയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ ചോദ്യം ചെയ്തുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഡിഎംകെയും ടിവികെയും തമ്മിലാണെന്ന് തുടര്‍ച്ചയായി വിജയ് പറയുന്നത്. ഇത് അണ്ണാഡിഎംകെയെയും ബിജെപിയെയും ചൊടിപ്പിച്ചെങ്കിലും അവര്‍ കാര്യമായി പ്രതികരിച്ചില്ല. ഭാവിയില്‍ വിജയ്യെ തങ്ങള്‍ക്കൊപ്പമെത്തിക്കാമെന്ന പ്രതീക്ഷ അവര്‍ കൈവിട്ടിട്ടുമില്ല.
കരൂരില്‍ ഡിഎംകെ സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ഡിഎംകെ സര്‍ക്കാര്‍ വിമാനത്താവളം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തതു നടപ്പായില്ലെന്നു വിജയ് പറഞ്ഞു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ അസ്വസ്ഥത തുടങ്ങി. വഴി കൊടുക്കൂ എന്ന് വിജയ് പ്രസംഗിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ആംബുലന്‍സ് വരുന്നത് കണ്ട് ഇതെന്താ ആംബുലന്‍സില്‍ നമ്മുടെ കൊടി എന്ന് വിജയ് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് പ്രശ്‌നം മനസ്സിലായതോടെയാണ് എന്തു പറ്റിയെന്നും വെള്ളം കൊടുക്കാനും പറയുന്നത്.
തിക്കു തിരക്കും: ഈ വര്‍ഷം അപകടങ്ങളേറെ
2025 ജനുവരി 8
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 സ്ത്രീകളടക്കം 6 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്ക്.
ജനുവരി 29
യുപിയിലെ പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരിച്ചു. 90 പേര്‍ക്കു പരുക്ക്.
ഫെബ്രുവരി 15
മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 3 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരുക്ക്.
മേയ് 3
വടക്കന്‍ ഗോവയില്‍ ഷിര്‍ഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. എഴുപതിലേറെപ്പേര്‍ക്കു പരുക്ക്.
ജൂണ്‍ 4
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം. നൂറിലേറെപ്പേക്കു പരുക്ക്.
ജൂണ്‍ 29
പുരി ജഗന്നാഥ ക്ഷേത്രത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള തിരക്കിനിടെ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു.
ജൂലൈ 27
ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു.


