പേരുദോഷം, പ്രതിഷേധം; ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ, വിവാദമായ ജ്യോത്സന്റെ നിയമനം റദ്ദാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങളെ തുടർന്ന് റദ്ദാക്കിയത്.

ബുധനാഴ്ച രാവിലെ നാടകീയമായ നീക്കങ്ങൾക്കൊടുവിൽ നിയമസഭയിൽ വിശ്വാസ വോട്ട് വിജയിച്ചതിന് പിന്നാലെയാണ് നിർണായക തീരുമാനം. തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) ഉൾപ്പെടെയുള്ള പാർട്ടികൾ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കാൻ നിർദേശിച്ചത് വെട്രിവേൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്. വെട്രിവേൽ പാർട്ടിയുടെ മീഡിയ വക്താവാണെന്നും അദ്ദേഹത്തിന്റെ തൊഴിൽ ഈ സ്ഥാനത്തിന് തടസമല്ലെന്നുമായിരുന്നു ടിവികെ നേതാവ് സി.ടി നിർമൽ കുമാർ ആദ്യം പ്രതികരിച്ചത്. എന്നാൽ ഇത് രാഷ്ട്രീയ എതിരാളികളെയും സഖ്യകക്ഷികളെയും തൃപ്തരാക്കിയില്ല.’മതേതര സർക്കാരിൽ ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ശാസ്ത്രീയ അവബോധം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണ്”- വിസികെ ജനറൽ സെക്രട്ടറി ഡി.രവികുമാർ പറഞ്ഞു.

വിജയിയെ പിന്തുണച്ച കോൺഗ്രസും ജ്യോത്സ്യന്റെ നിയമനത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരു ജ്യോത്സ്യന് എന്തിനാണ് കാബിനറ്റ് പദവിയെന്ന് എംപി ശശികാന്ത് സെന്തിൽ സമൂഹമാധ്യമത്തിലൂടെ ചോദിച്ചു. യുവാക്കൾക്ക് എന്ത് സന്ദേശമാണ് ജ്യോത്സ്യന്റെ നിയമനത്തിലൂടെ നിങ്ങൾ നൽകുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് നിയമസഭയിൽ ചോദിച്ചിരുന്നു. ഇടതുപക്ഷ പാർട്ടികളും നിയമനത്തിൽ തങ്ങളുടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം ജ്യോത്സ്യനെ നിയമിച്ചതിൽ വിജയിക്ക് അനുകൂലമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്.തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് രാധൻ പണ്ഡിറ്റ് വെട്രിവേൽ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം, എഐഎഡിഎംകെ കാലത്തെ പല പ്രധാന തീരുമാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ അവിഹിത സ്വത്ത് സമ്പാദന കേസിൽ ജയലളിത ജയിലിൽ പോകില്ലെന്ന അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയതോടെയാണ് അവർ തമ്മിൽ അകന്നത്. വിശ്വാസ വോട്ടെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ സഖ്യകക്ഷികൾക്കിടയിൽ വിള്ളൽ വീഴാതിരിക്കാനാണ് മുഖ്യമന്ത്രി വിജയ് നിയമനം റദ്ദാക്കിയത് എന്നാണ് സൂചന.

English Summary

Following his victory in the floor test, Tamil Nadu Chief Minister C. Joseph Vijay has revoked the controversial appointment of astrologer Radhan Pandit Vetrivel as a Special Officer in the CMO. The decision came after intense backlash from allies like VCK and Congress, who criticized the move as anti-secular and unscientific. Despite initial defense from TVK leaders, Vijay chose to cancel the appointment to maintain coalition harmony and address concerns raised by opposition leaders like Premalatha Vijayakanth.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News