ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സ്ഥാനമേറ്റതിന്റെ ആവേശത്തിലാണ് തമിഴകം. സത്യപ്രതിജ്ഞാ ചടങ്ങിൽ കടലാസ് നോക്കാതെ വാചാലനായി സത്യവാചകം ചൊല്ലിയ വിജയ്‌യുടെ ഓരോ ചലനവും സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. ചടങ്ങിൽ വിജയ് ധരിച്ച കറുത്ത സ്യൂട്ട് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഈ പുതിയ വേഷത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡിസൈനർ സാഫിർ അഹമ്മദ്.
സത്യപ്രതിജ്ഞാ ചടങ്ങിനായി വിജയ് തിരഞ്ഞെടുത്ത വേഷം ഏറെ ആലോചനകൾക്ക് ശേഷമുള്ളതായിരുന്നു എന്ന് ചെന്നൈയിലെ ‘സാഫിർ ആൻഡ് ഷദാബ്’ ഉടമ സാഫിർ അഹമ്മദ് പറഞ്ഞു. ‘ബീസ്റ്റ്’ സിനിമയിലേതിന് സമാനമായ സ്യൂട്ട് വേണമെന്നായിരുന്നു വിജയ്‌യുടെ ആവശ്യം. ക്ലാസിക് നോച്ച് ലാപ്പലും മാറ്റ് ഫിനിഷുള്ള കറുപ്പ് സ്യൂട്ടും വെള്ള ഷർട്ടുമടങ്ങുന്ന ഈ വേഷം ഒരാഴ്ച നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“എന്തുവേണമെന്ന കാര്യത്തിൽ വിജയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. കറുപ്പ് നിറം തിരഞ്ഞെടുത്തത് ബോധപൂർവ്വമാണ്. പ്രചാരണങ്ങൾക്ക് ഇളം നിറങ്ങൾ നല്ലതാണെങ്കിലും കറുപ്പ് വേദിയിലും ക്യാമറയിലും കൂടുതൽ ആകർഷകമാകും. ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് നീല സ്യൂട്ടാണ് ധരിച്ചത്. അതിൽനിന്നും വ്യത്യസ്തമായ ഒന്ന് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു,” സാഫിർ പറഞ്ഞു.
പരമ്പരാഗതമായ ‘കാൻവാസ് കൺസ്ട്രക്ഷൻ’ ടെക്‌നിക് ഉപയോഗിച്ച് കൈകൊണ്ടാണ് ഈ സ്യൂട്ട് തയ്ച്ചെടുത്തത്. സ്വാഭാവികമായി ശരീരത്തോട് ചേർന്നുനിൽക്കുന്ന ഈ വേഷം പൂർത്തിയാക്കാൻ രണ്ടുദിവസമെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ അതേ വേഷത്തിലാണ് തിങ്കളാഴ്ച വിജയ് നിയമസഭയിലുമെത്തിയത്. ഇതോടെ കറുത്ത സ്യൂട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്ഥിരം വേഷമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.


