തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികള്‍ നിരസിച്ചു; തിരക്കുതുടങ്ങിയത് വെള്ളത്തിനുവേണ്ടി; കലാശിച്ചത് വന്‍ ദുരന്തത്തില്‍

കരൂര്‍: റാലിക്കിടെയുണ്ടായ അപകടത്തില്‍ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്‌യെ അറസ്റ്റുചെയ്‌തേക്കുമെന്ന് സൂചന. സംഭവം നടന്നയുടന്‍ പ്രതികരണത്തിനു നില്‍ക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് ചെന്നൈയിലേക്കു പോയി. തീര്‍ത്തും അപ്രതീക്ഷിതമായ സംഭവത്തില്‍ വിജയ് ആകെ ഉലഞ്ഞുപോയെന്നാണ് വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ വിജയ്‌യെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

വിമാനത്താവളത്തില്‍നിന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിനല്‍കിയില്ല. എന്നാല്‍, രാത്രി 11 മണിയോടെ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ”എന്റെ ഹൃദയം തകര്‍ന്നു. സഹിക്കാനാകാത്ത, പറഞ്ഞറിയിക്കാനാകാത്ത വേദനയില്‍ ഉള്ളംപിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരോട് നിസ്സീമമായ ആദരമറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെ” എന്നാണ് ‘എക്‌സി’ല്‍ കുറിച്ചത്.

വിജയ്‌യയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും സ്ഥലത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയായി. ഇത്രയുംനേരം കാത്തിരുന്ന ജനങ്ങള്‍ അവശരായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ എത്തുകയുംചെയ്തു.

സ്ഥലത്ത് കുടിവെള്ളം ലഭ്യമായിരുന്നില്ല. വെള്ളംകിട്ടാതെ അവശരായവര്‍ക്ക് വിജയ് സഞ്ചരിച്ച വാഹനത്തില്‍നിന്ന് കുപ്പിവെള്ളം എറിഞ്ഞുകൊടുക്കുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം. വെള്ളത്തിനുവേണ്ടിയുള്ള തിക്കും തിരക്കും വന്‍ദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2026-ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതലപ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. ഒഴുകിയെത്തിയ ജനസാഗരത്തെ നിയന്ത്രിക്കാനാകാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടികളെ സഹായിക്കണമെന്നും വിജയ് പറയുന്നുണ്ടായിരുന്നു.

കരൂരില്‍ തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികള്‍ നിരസിച്ചതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്ഥലത്ത് കുടിവെള്ളം നല്‍കാന്‍ ക്രമീകരണമില്ലായിരുന്നു. തുറന്ന മൈതാനമാണെങ്കില്‍ കൂടുതല്‍ സുരക്ഷിതമായേനെ എന്ന നിര്‍ദേശം സംഘാടകര്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടുതേടി.ഒട്ടേറെ സ്ത്രീകള്‍ കുട്ടികളുമായി പരിപാടിക്കെത്തി. കുട്ടികളെയും ഗര്‍ഭിണികളെയും റാലിയില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News