തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ ശിവശങ്കറിനേയും സ്വപ്നയേയും പ്രതിസ്ഥാനത്ത് നിർത്തി സംസ്ഥാന വിജിലൻസും. സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയാണെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. എല്ലാ ഇടപാടുകളും ശിവശങ്കറിൻ്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നു.
തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദിന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകുന്നത് ഓഗസ്റ്റ് രണ്ടിനാണ്. കിട്ടിയ പണത്തിൽ ഒരു കോടിയിലേറെ പണം ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിനാണ് പണം സ്വപ്നയ്ക്ക് കിട്ടിയത്. ആറാം തീയതി സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്ബിഐ ശാഖയിൽ ലോക്കർ തുറക്കുകയും അവിടെ പരമാവധി പണം നിക്ഷേപിക്കുകയും ചെയ്തു.
ലോക്കർ നിറഞ്ഞതോടെ അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ ഫൈഡറൽ ബാങ്കിലും ലോക്കർ തുറക്കുകയും മിച്ചമുള്ള പണമെല്ലാം ആ ലോക്കറിൽ നിക്ഷേപിക്കുകയും ചെയ്തു. ശിവശങ്കറിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റായ വേണുഗോപാലാണ് ലോക്കറുകൾ തുറക്കാനും പണം നിക്ഷേപിക്കാനും സ്വപ്നയെ സഹായിച്ചത്.
ഈ ഇടപാടുകളെല്ലാം നടന്നത് ശിവശങ്കറിൻ്റെ അറിവോടെയായിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. തുടർന്ന് ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാൻ തൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റായ വേണുഗോപാലിൻ്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്. കേന്ദ്ര ഏജൻസികൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ സംസ്ഥാന വിജിലൻസും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്.