തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, കൊള്ളച്ചിട്ടി നടത്തല്‍ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് കെഎസ്എഫ്ഇയുടെ നാല്‍പ്പതോളം ശാഖകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ചായിരുന്നു ബചത് (സേവിങ്സ്) എന്ന പേരില്‍ റെയ്ഡ് നടത്തിയത്.
40 പേരെ ചേര്‍ക്കേണ്ട ചിട്ടികളില്‍ 25 മുതല്‍ 30 പേരെ വരെ മാത്രം ചേര്‍ത്തു ചിട്ടി ആരംഭിക്കുന്ന തരത്തിലുള്ള തട്ടിപ്പ് കണ്ടെത്തി. മാത്രമല്ല, ചിട്ടിയുടെ ആദ്യതവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമായി മാറ്റണമെന്നാണു ചട്ടമെന്നിരിക്കെ മിക്ക ശാഖകളും ഈ പണം വകമാറ്റി ചെലവിടുന്നുവെന്നും റെയ്ഡില്‍ കണ്ടെത്തി. ചിട്ടികളില്‍ വ്യാപക തട്ടിപ്പുകളാണ് നടക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.