കോട്ടയത്തിന് ബാധ്യതയായ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും; നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം

കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മാണം വിജിലന്‍സ് അന്വേഷിക്കും. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിര്‍ദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഇതിനിടെ ആകാശപാത പൊളിച്ചു മാറ്റുന്ന കാര്യത്തില്‍ ആലോചനയിലാണ് റോഡ് സുരക്ഷ അതോറിറ്റി. ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം ആരംഭിച്ചെന്നാണ് പരാതി. പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുമ്പിലും ബേക്കര്‍ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിള്‍ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത തുടരുകായണ്.

2016ലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്‌കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. ഭരണം മാറിയതോടെ നിര്‍മാണവും നിലച്ചു. 2019-ല്‍ ഗാന്ധിസ്മൃതി മണ്ഡപം കൂടി ഉള്‍പ്പെടുത്തി രൂപരേഖ പരിഷ്‌കരിച്ചെങ്കിലും തൂണുകള്‍ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല.

നാലു മാസം മുന്പ് ഗതാഗതമന്ത്രി ആന്റണി രാജു കോട്ടയത്ത് എത്തിയപ്പോള്‍ ആകാശപാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തുടര്‍ നടപടികളുണ്ടായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News