തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988-ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വില്‍പനയും രജിസ്‌ട്രേഷനും സംബന്ധിച്ചുള്ള ഇടപാടില്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ആ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് എം.എൽ.എയുടെ ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയത്. ലൈസൻസിന്റെ കാലാവധി മാർച്ച് 31-ന് അവസാനിച്ചിരുന്നു. പഞ്ചായത്തിന്റെ വസ്തുനികുതി രേഖകളിൽ റിസോർട്ടിനുള്ള ലൈസൻസെന്നാണ് മുൻവർഷം രേഖപ്പടുത്തിയിരിക്കുന്നത്. ഇത്തവണ ലൈസൻസ് ഹോംസ്റ്റേയിലേക്ക് മാറിയിരിക്കുകയാണ്. മുൻവർഷം റിസോർട്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ക്ലെറിക്കൽ പിഴവാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.