കൊച്ചി:സംസ്ഥാനത്തെ വിവാഹമോചനങ്ങളിൽ വിവാദ പരാമർശങ്ങളുമായി ഹൈക്കോടതി. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിവാദ പരാമർശങ്ങൾ.
വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിവാദ പരാമർശങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ ദുർബലവും സ്വാർഥവുമായ കാര്യങ്ങൾക്കും, വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹ ബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത.
വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും, വളർച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇൻ റിലേഷൻഷിപ്പുകൾ വർദ്ധിച്ചുവരുന്നു എന്നിങ്ങനെ പോകുന്നു ഉത്തരവിലെ പരാമർശങ്ങൾ.
ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടർന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ ഭിന്നതകള്‍ വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .ഒറ്റ രാത്രി കൊണ്ട് ആരുടെയും സ്വഭാവം മാറുമെന്ന് പ്രതീക്ഷിക്കരുതെന്നും, ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഇരുവരും തമ്മിലുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ തമ്മില്‍ പല തവണ കണ്ടും കൂടിയാലോചന നടത്തിയുമാണ് വിവാഹം നടത്തിയത്. ഭര്‍ത്താവ് സമ്മതിച്ചു നടത്തിയ വിവാഹമാണിത്. അങ്ങനെ നടത്തിയ വിവാഹ ബന്ധം ഭാര്യയുടേത് അല്ലാത്ത കാരണത്താല്‍ ഇല്ലാതാക്കാനാവില്ല.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസ്സാര തര്‍ക്കങ്ങള്‍ വിവാഹ ബന്ധത്തിലെ ക്രൂരതയല്ല. ഒരു രാത്രി കൊണ്ട് ഒരാളുടെയും സ്വഭാവം മാറില്ല. ഭാര്യയും ഭര്‍ത്താവുമായി മാറുന്നതിന് ഇരുവരും പരസ്പരം കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിന് എതിരെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വിവാഹം നടന്നതെന്നും ഭാര്യ തെറ്റായ ജനന തീയതിയും വിദ്യാഭ്യാസ വിവരങ്ങളുമാണ് നല്‍കിയതെന്നുമാണ് ഭര്‍ത്താവ് വാദിച്ചത്. ഭാര്യ അഹങ്കാരമുള്ള സ്ത്രീയാണെന്നും ഭര്‍ത്താവ് ആരോപിച്ചു. ഭാര്യയ്ക്കു വിയര്‍പ്പു നാറ്റമുണ്ടെന്നും ഇതു ഗുരുതര രോഗ ലക്ഷണമാണെന്നും എന്നാല്‍ ചികിത്സിക്കാന്‍ തയാറാവുന്നില്ലെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു.