ഹനോയ്: വിയറ്റ്‌നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യയായ ലവ്‌നി തോമസ് എന്നിവരാണ് മരിച്ചത്.
ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടേയും പട്ടിക വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. മരണപ്പെട്ട 15 പേരിൽ രണ്ട് പേർ കേരളത്തിൽനിന്നും മൂന്ന് പേർ ആന്ധ്രപ്രദേശിൽനിന്നും പത്ത് പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്.
വിയറ്റ്‌നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂ അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തി.
കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയിൽനിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ച് കീഴ്മേൽ മറിയുകയായിരുന്നു. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചത്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തി.


